മുരളീഭാവം മാഞ്ഞിട്ട് ഒന്‍പത് വര്‍ഷം
പകരം വയ്ക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങള്‍ മലയാളിക്ക് നല്‍കിയിട്ടാണ് ആ മഹാനായ നടന്‍ വിട വാങ്ങിയത്
മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നായകന്‍ മുരളി ഓര്‍മ്മയായിട്ട് ഒന്‍പത് വര്‍ഷം. പകരം വയ്ക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങള്‍ മലയാളിക്ക് നല്‍കിയിട്ടാണ് ആ മഹാനായ നടന്‍ വിട വാങ്ങിയത്.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25നാണ് മുരളിയുടെ ജനനം. കുടവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്, ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. പിന്നീടാണ് മുരളി നാടകരംഗത്തേക്ക് ചുവടു മാറ്റുന്നത്. ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം.
പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലാണ് കൂടുതല്‍ മുരളി നിറഞ്ഞു നിന്നത്. വില്ലന്‍ വേഷങ്ങളായിരുന്നു മുരളിക്ക് ആദ്യം ലഭിച്ചിരുന്നത്. പതിയെ ക്യാരക്ടര്‍ റോളുകളിലേക്ക് മാറുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ആധാരം ആയിരുന്നു. മുരളിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ബാപ്പൂട്ടി എന്ന കഥാപാത്രം മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന പുരസ്കാരം മുരളിക്ക് നേടിക്കൊടുത്തു. പിന്നീട് 1996,1998,2001 വര്‍ഷങ്ങളിലും മുരളിക്കായിരുന്നു സംസ്ഥാന പുരസ്കാരം. 2001ല്‍ പുറത്തിറങ്ങിയ നെയ്ത്തുകാരന്‍ മുരളിക്ക് ഭരത് അവാര്‍ഡും നേടിക്കൊടുത്തു. മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എഴുത്തിലും കയ്യൊപ്പ് പതിച്ചിട്ടുള്ള മുരളി അഭിനേതാവും ആശാന്റെ കവിതയും ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന് സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന മുരളി 1999ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം. കടുത്ത പ്രമേഹരോഗത്തെത്തുടര്‍ന്ന് 2009 ആഗസ്ത് 6നായിരുന്നു മുരളിയുടെ അന്ത്യം. മരിക്കുമ്പോള്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു.
Adjust Story Font
16