വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.
വിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.
മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതിലുള്ള പ്രതിഷേധം കെട്ടടങ്ങിയിട്ടില്ലെങ്കിലും അവാര്‍ഡ് വിതരണ ചടങ്ങ് വര്‍ണാഭമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരം ആറ് മണിക്കാണ് പുരസ്കാരദാന ചടങ്ങ്. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്‍റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
സാംസ്കാരിക മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കും. അവാര്‍ഡ് വിതരണ ചടങ്ങിന് ശേഷം ശ്രീകുമാരന്‍ തമ്പിയുടെയും എം.കെ അര്‍ജുനന്‍ മാസ്റ്ററുടെയും ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായകര്‍ ഒരുക്കുന്ന ഗാനയമുന എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16