ക്യാപ്റ്റന്‍ രാജുവെന്ന നന്മ മനുഷ്യന്‍
ക്യാപ്റ്റന്‍ രാജുവിനെ സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്മരിക്കുന്നു
സിനിമാക്കാരനെന്നതിലുപരി, സിനിമാപ്രവര്‍ത്തകര്‍ക്ക് മനസ്സില്‍ നന്മ കാത്തുസൂക്ഷിച്ച ഒരു വ്യക്തിയായിരുന്നു അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജു. ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ചവരില്‍ പലരും വാചാലരായത് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയെ കുറിച്ചായിരുന്നു.
തൊഴിലിനോട് ആത്മാര്‍ത്ഥതയുള്ള മനുഷ്യന്‍: മമ്മുട്ടി
തൊഴിലിനോടും സൌഹൃദത്തോടും ഒരുപോലെ ആത്മാര്‍ത്ഥത കാണിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് മമ്മുട്ടി. അദ്ദേഹം സ്വയം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് പോലും രാജുച്ചായന്‍ എന്നായിരുന്നുവെന്നും മമ്മുട്ടി അനുസ്മരിച്ചു.
ഞങ്ങള്‍ ഒരേ നാട്ടുകാര്‍, എനിക്കദ്ദേഹം ജ്യേഷ്ഠന്‍: മോഹന്‍ലാല്‍
രാജുചേട്ടന്‍ ഞങ്ങളെല്ലാവര്‍ക്കും വളരെയധികം വേണ്ടപ്പെട്ട ഒരാളായിരുന്നു. ഞങ്ങള്‍ ഒരു നാട്ടുകാരാണ്. ജ്യേഷ്ഠസഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിനെന്ന് നടനും അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ അനുസ്മരിച്ചു.
എപ്പോഴും നന്മകള്‍ മാത്രം പറയുന്ന വ്യക്തി:മേജര്‍ രവി
എപ്പോഴും നന്മകള്‍ മാത്രം പറയുന്ന വ്യക്തിയായിരുന്നു എപ്പോഴും നന്മകള്‍ മാത്രം പറയുന്ന വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് മേജര്‍ രവി അനുസ്മരിക്കുന്നു. സിനിമയിലെത്തുമുമ്പ് പട്ടാളത്തിലായിരുന്നപ്പോഴും, കൂടെ ജോലിചെയ്തവര്‍ക്കെല്ലാം അദ്ദേഹത്തെ കുറിച്ചുള്ള ഇതേ അഭിപ്രായമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. ആരെ കുറിച്ചും അദ്ദേഹം പരദൂഷണം പറഞ്ഞിട്ടില്ല. കുറ്റം പറഞ്ഞിട്ടില്ല. നന്മ നിറഞ്ഞ മനസ്സുള്ള സിനിമക്കാരനായ ഒരു എക്സ് മിലിട്ടറി ഓഫീസര്‍, അതായിരുന്നു ക്യാപ്റ്റന്‍ രാജു യഥാര്‍ത്ഥത്തിലെന്നും മേജര്‍ രവി അനുസ്മരിച്ചു.
ജീവിതത്തിലുടനീളം ഗ്രാമീണതയും വിശുദ്ധിയും കാത്തുസൂക്ഷിച്ച വ്യക്തി: സിബി മലയില്‍
ക്യാപ്റ്റന്‍ രാജുവെന്ന മനുഷ്യസ്നേഹിയെകുറിച്ച് തന്നെയാണ് സംവിധായകന്‍ സിബി മലയിലിനും പറയാനുണ്ടായിരുന്നത്. നന്മയിലധിഷ്ഠിതമായ ഒരു ജീവിതം പിന്തുടരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയില്‍ കൂടുതലും ചെയ്തത് വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കിലും അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും സിബി മലയില്‍ അനുസ്മരിച്ചു.
പരിചയപ്പെടുന്നവരോടൊക്കെ നിഷ്കളങ്കമായി പെരുമാറുന്ന മനുഷ്യന്‍: ലെനിന്‍ രാജേന്ദ്രന്‍
മനസ്സില്‍ സിനിമയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ സൂക്ഷിച്ചിരുന്ന ആളായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ലെനിന്‍ രാജേന്ദ്രന്‍. പരിചയപ്പെടുന്നവരോടൊക്കെ നിഷ്കളങ്കമായി പെരുമാറുന്ന മനുഷ്യന്‍. നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും ലെനിന്‍ അനുസ്മരിച്ചു.
അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ നടന്‍: ജയറാം
മലയാളസിനിമയില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ നടനാണ് ക്യാപ്റ്റന്‍ രാജുവെന്ന് നടന്‍ ജയറാം.
ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള ഒരു നടന്‍: ജഗദീഷ്
ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള ഒരു നടനായിരുന്നു അദ്ദേഹം. സൌഹൃദത്തോടെ സ്നേഹത്തോടെ പെരുമാറിയിരുന്ന ഒരു പച്ചമനുഷ്യന്‍. തന്റെ ജീവിതാനുഭവങ്ങള്‍ എല്ലാവരോടും പങ്കുവെച്ചിരുന്നു അദ്ദേഹം.
ആജാനുബാഹുവെങ്കിലും മനസ്സ് കൊച്ചുകുട്ടികളുടേതായിരുന്നു: മുകേഷ് എം.എല്‍.എ
ആജാനുബാഹുവെങ്കിലും ക്യാപ്റ്റന്‍ രാജുവിന്റെ മനസ്സ് കൊച്ചുകുട്ടികളുടേതായിരുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. അദ്ദേഹത്തിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് വന്ന പവനായി ശവമായി എന്ന ഡയലോഗ് ഇപ്പോള്‍ മലയാളത്തിലെ ഒരു വാക്കായി മാറിയെന്നും മുകേഷ് അനുസ്മരിച്ചു.
ജീവിതത്തില്‍ അടുക്കുംചിട്ടയുമുള്ള മനുഷ്യന്‍: ഇന്നസെന്റ്
ജീവിതത്തില്‍ അടുക്കും ചിട്ടയുമുള്ള മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ഇന്നസെന്റ്. സിനിമാവിശേഷങ്ങള്‍ക്കപ്പുറത്ത് കുടുംബകാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുമായിരുന്നു അദ്ദേഹം. എന്നെ തിരുത്താന്‍ തക്ക അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. ഷൂട്ടിംഗിനിടെയുള്ള തര്‍ക്കങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഇന്നസെന്റ് എം.പി അനുസ്മരിച്ചു.
Adjust Story Font
16