Quantcast

ആരായിരുന്നു ഇത്തിക്കരപക്കി? കായംകുളം കൊച്ചുണ്ണി സിനിമയുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

MediaOne Logo

Web Desk

  • Published:

    16 Oct 2018 4:35 PM GMT

ആരായിരുന്നു ഇത്തിക്കരപക്കി? കായംകുളം കൊച്ചുണ്ണി സിനിമയുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം
X

കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങി ഗംഭീര കളക്ഷനോടെ തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ കൂടെ നിഴൽ പോലെ നിന്ന ഇത്തി കരപക്കിയുടെ ചരിത്രം പരിശോധിക്കുന്നത് ശ്രദ്ധേയമാകും. സിനിമയിൽ മോഹൻലാൽ അനശ്വരമാക്കിയ ഇത്തികര പക്കിയുടെ ജീവനുള്ള ചരിത്രം സിനിമ പാരഡൈസോ ക്ലബ് എന്ന സിനിമ ഗ്രൂപ്പിൽ പങ്കു വെച്ചിരിക്കുകയാണ് ഒരു വായനക്കാരൻ.

ഇത്തിക്കരപക്കി എന്ന ചരിത്രഹീറോ

കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എന്ന സ്ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്‍റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര് 'മുഹമ്മദ് അബ്ദുള്‍ ഖാദര്‍’. വീട്ടുകാര്‍ക്കൊപ്പം കുട്ടിക്കാലത്ത് ഇത്തിക്കരയില്‍ സ്ഥിരതാമസമാക്കി. കുട്ടിക്കാലത്ത് തന്നെ പാവങ്ങളെ സഹായിക്കാന്‍ പക്കി സദാസന്നദ്ധനായിരുന്നു. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനുമായിരുന്നു. ആറ്റില്‍ വീണ് ജീവനു വേണ്ടി കേണ നിരവധി പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്. ജന്മിമാര്‍ക്കു വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത് നിര്‍ധനരായ പാവങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു. ഇതൊക്കെയാണ് പക്കിയെ കള്ളനെങ്കിലും നാട്ടുകാര്‍ക്ക് ഏറെ പ്രിയ്യപ്പെട്ടവനാക്കിയത്. എവിടേയും എത്ര വേഗത്തിലും പോയി കൃത്യം നടത്തുവാനുള്ള പ്രാവീണ്യം കൊണ്ടാണ് 'പക്കി' എന്ന പേരുണ്ടാകാന്‍ കാരണം. പാവപ്പെട്ട ജനങ്ങളെ അടിമകളെ പോലെ പണിയെടുപ്പിച്ച് പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയ്യേറി കാര്‍ഷിക വിളകള്‍ സ്വന്തം പത്തായത്തിലാക്കുന്ന ജന്മിമാരാണ് ഇത്തിക്കരപക്കിയുടെ പ്രധാന നോട്ടപ്പുള്ളികള്‍. ഇവരെ കൊള്ളയടിച്ച് കിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്കു തന്നെ തിരിച്ചു നല്‍കുകയാണ് പക്കിയുടെ രീതി. ഇത്തിക്കരയാറിന്‍റെ ഭാഗങ്ങളാണ് പക്കിയുടേയും കൂട്ടരുടേയും പ്രധാനസങ്കേതം, തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ കൊല്ലം പരവൂര്‍ കായലിലും, ആറ്റിങ്ങലിലെ ഇന്നത്തെ പൂവന്‍പാറ ആറിനു സമീപവും പക്കി പകല്‍കൊള്ള നടത്തിയതായി ചരിത്രം പറയുന്നു.

അന്ന് ആ പ്രദേശത്തെ ആദ്യ പോലീസ് സ്റ്റേഷന്‍ പരവൂരായിരുന്നു. അവിടുത്തെ പോലീസുകാര്‍ക്കെല്ലാം പക്കിയെ വലിയ ഭയമായിരുന്നു. ഒരിക്കല്‍ പോലും അവര്‍ക്ക് പക്കിയെ പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ലായിരുന്നു. അക്കാലത്ത് പരവൂര്‍ കായലിലൂടെ കായംകുളത്തു നിന്നും, കൊല്ലത്ത് നിന്നും, തിരുവനന്തപുരത്തേക്ക് വലിയ വള്ളങ്ങളില്‍ ചരക്ക് കടത്ത് ഉണ്ടായിരുന്നു, ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിക്കൊപ്പം പക്കിയും കാണുമായിരുന്നു, കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിക്കലും ഒപ്പം നില്‍ക്കുന്നവരെ ചതിക്കില്ല, അതാണ് പക്കിയുടെ ഏറ്റവും വലിയ പ്രത്യേകത. 45-ാമത്തെ വയസില്‍ ക്യാന്‍സര്‍ പിടിപെട്ടാണ് പക്കി മരണത്തിന് കീഴടങ്ങുന്നത്. ഒരു കള്ളന്‍ മരിക്കുമ്പോഴത്തെ വികാരമായിരുന്നില്ല അന്ന് ആ നാട്ടില്‍ ഉണ്ടായത്, സാധാരണ ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഒരു ജനപ്രതിനിധിയുടെ വേര്‍പാടിന്‍റെ വേദനയായിരുന്ന് നാട്ടുകാര്‍ക്ക് അന്നുണ്ടായത്. മൈലക്കാട് സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബറിലെ ആദ്യവരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത് ഇത്തിക്കരപക്കിയാണ്.

(1964 ൽ കലാനിലയമാണ് ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണി എന്ന മോഷ്ടാവിനെ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവകാരി എന്ന തലക്കെട്ടോടെ നാടകത്തിൽ കൂടി മലയാളികൾക്ക് പരിചയപ്പെടുത്തിയത്. അതിൽ കൊച്ചുണ്ണിക്ക് ജീവൻ നൽകിയത് വി ടി അരവിന്ദാക്ഷമേനോൻ എന്ന അതുല്യ കലാകാരനായിരുന്നു. 1965 ൽ ആദ്യമായി നല്ല നാടക നടനുള്ള ദേശീയ പുരസ്കാരം കിട്ടിയത് കലാനിലയത്തിന്റെ കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണിയായി വേഷം ചെയ്ത അരവിന്ദാക്ഷമേനോൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫോട്ടോയാണ് മുകളില്‍ പഴയെ കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്, ഇത്തിക്കരപക്കിയുടെ ഫോട്ടോയോ രൂപമോ ലഭ്യമല്ല )

TAGS :

Next Story