Quantcast

മകന്റെ നേട്ടത്തിൽ അഭിമാനത്തോടെ ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ ജയസൂര്യ 

MediaOne Logo

Web Desk

  • Published:

    21 Oct 2018 6:48 AM GMT

മകന്റെ നേട്ടത്തിൽ അഭിമാനത്തോടെ ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ ജയസൂര്യ 
X

മകന്‍ അദ്വൈത് ജയസൂര്യയുടെ നേട്ടത്തിൽ അഭിമാനത്തോടെ ഒർലാണ്ടോയിൽ ഫിലിം ഫെസ്റ്റിവലിൽ നടൻ ജയസൂര്യ. ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ കഥയെഴുതി സംവിധാനം ചെയ്ത 'കളർഫുൾ ഹാൻഡ്‌സ്' എന്ന ചിത്രം ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിന് ശേഷം ഫേസ്ബുക്കിൽ ജയസൂര്യ മകന്റെ നേട്ടത്തിൽ സന്തോഷം രേഖപ്പെടുത്തി. മേളയില്‍ പ്രദർശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകർ ഏറ്റെടുത്തത്. തന്റെ ആദ്യചിത്രം സ്‌ക്രീനിൽ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയിൽ കണ്ടപ്പോൾ അനുഭവപ്പെട്ടതെന്ന് ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

മാതാപിതാക്കൾ എന്ന നിലയിൽ ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. അവന്റെ സ്വപ്നങ്ങൾ ഞങ്ങളെക്കാളും ഒരുപാടു മുന്നിലാണ്. അതുകൊണ്ടാണ് ഞങ്ങളിന്ന് ഓർലാണ്ടോയിലുള്ളത്. 'കളർഫുൾ ഹാൻഡ്സ്' എന്ന ചിത്രം അവന്റെ രണ്ടാമത്തെ ലഘുചിത്രമാണ്. എന്നും ഓർത്തു വെക്കാവുന്ന, ഒരു പക്ഷേ ജീവിതകാലം മുഴുവൻ ഓർത്തു വെക്കാവുന്ന ഓർമകളാണ് ഈ ആറു മിനിറ്റ് നീളുന്ന ലഘുചിത്രം സമ്മാനിക്കുന്നത്. അവന്റെ ചിത്രം സ്ക്രീനിൽ കണ്ടപ്പോൾ ഞാനെന്റെ ആദ്യചിത്രത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. അത്തരമൊരു അനുഭവം ഇനിയുണ്ടാവില്ലെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, ഇന്ന് ജീവിതത്തിൽ ഒരിക്കൽക്കൂടി ഞാൻ ആ മായക്കാഴ്ച കണ്ടു. ഞാനേറെ അനുഗ്രഹീതനാണ്. ഈ പ്രപഞ്ചത്തിനോടും സർവവല്ലഭനായ ആ ശക്തിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

ചെറു ചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം അദ്വൈത് തന്നെയാണ്. സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങൾ ദുരിതമാക്കുന്ന നമ്മുടെ ചുറ്റുപാടുകളെ സ്‌നേഹിക്കാനും വൃത്തിയായി സൂക്ഷിക്കാനും അനുഭവപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിട്ടുള്ളത്.

അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. 'കളര്‍ഫുൾ ഹാന്‍ഡ്സി'ന്റെ നിര്‍മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുന്‍പ് 'ഗുഡ് ഡേ' എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ചെയ്തിട്ടുണ്ട്.

TAGS :

Next Story