Quantcast

‘നമ്പി ദ സയന്‍റിസ്റ്റ്’ പ്രദർശനത്തിന് തയ്യാര്‍; സംവിധാനം പ്രജേഷ് സെൻ

MediaOne Logo

Web Desk

  • Published:

    27 Oct 2018 4:32 PM GMT

‘നമ്പി ദ സയന്‍റിസ്റ്റ്’ പ്രദർശനത്തിന് തയ്യാര്‍; സംവിധാനം പ്രജേഷ് സെൻ
X

ഓർമകളുടെ ഭ്രണപഥം എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായകൻ പ്രജേഷ് സെൻ നിർമിക്കുന്ന ഡോക്യുമെന്ററി 'നമ്പി ദ സയന്‍റിസ്റ്റ്' പ്രദർശനത്തിന് തയ്യാര്‍. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് അഭിമുഖീകരിക്കേണ്ടി വന്ന ചാരക്കേസും അതിന്‍റെ പിന്തുടർച്ചയുമായിരുന്നു ഓർമകളുടെ ഭ്രമണ പഥം. പ്രജേഷ് സെന്നിന്റെ ഡോക്യുമെന്ററി നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെ പരിചയപെടുത്തുന്നതായിരിക്കും. പ്രജേഷ് തന്നെയായിരുന്നു നേരത്തെ ഓർമകളുടെ ഭ്രണപഥം പുസ്തകം രചിച്ചിരുന്നത്. ചാരക്കേസിനും മുമ്പും ചാരക്കേസിനു ശേഷവുമുള്ള നമ്പി നാരായണന്‍റെ ജീവിതകഥയാണ് പുസ്തകം പങ്കുവെച്ചത്. നവംബർ 20ന് കൊച്ചിയിൽ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം നടക്കും. ക്യാപ്റ്റൻ എന്ന ജയസൂര്യ സിനിമക്ക് ശേഷമാണ് പ്രജേഷ് സെൻ പുതിയ ഡോക്യൂമെന്ററിയുമായി വരുന്നത്.

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ നമ്പി നാരായണന്‍റെ പഠനകാലത്തെ എക്സ്ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്സ് വാർണർ, പി സി രാമകൃഷ്ണ എന്നിവരാണ് ഡോക്യുമെന്‍ററിക്ക് വിവരണം നൽകുന്നത്.

സംവിധായകൻ ജി പ്രജേഷ് സെന്നും സുഹൃത്തുക്കളും ചേർന്നാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലേക്കാച്ചലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ഡോക്യുമെന്‍ററി നിർമിക്കുന്നത്. പ്രജേഷ് സെന്നും ജോയ്സ് തോന്ന്യാമലയും ചേർന്നാണ് സ്ക്രിപ്റ്റ്. നൗഷാദ് ഷരീഫ്, കപിൽ റോയ് എന്നിവരാണ് ഛായാഗ്രഹണം. ലെബിസൻ ഗോപിയാണ് ഡി ഒ പി. പ്രജേഷ് സെന്നിനൊപ്പം അരുൺ റാം, നസീം ബീഗം, എം കുഞ്ഞാപ്പ എന്നിവരാണ് ക്രിയേറ്റിവ് സപ്പോർട്ട്.

ചാരക്കേസിൽ നമ്പി നാരായണൻ പ്രതിയായത് 1994 നവംബർ 30നായിരുന്നു. നീണ്ട 24 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിൽ എടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും സുപ്രീംകോടതി ഈയടുത്ത് വിധി പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയും ചെയ്തു

TAGS :

Next Story