എം.ടിയുടെ തിരക്കഥ ഇനി വേണ്ട; മഹാഭാരതവുമായി മുന്നോട്ടെന്ന് ബി.ആര്‍ ഷെട്ടി
അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി.
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമിക്കുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും ബി.ആർ ഷെട്ടി നൽകി.
എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിർമിക്കും എന്നായിരുന്നു ബി.ആർ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം.ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയും ചെയ്തു. സിനിമയുമായി മുന്നോട്ടുപോകുമെന്ന് അന്ന് തന്നെ ബി.ആർ ഷെട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമക്കായി എം.ടിയുടെ തിരക്കഥ ഉപയോഗിക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം.
മഹാഭാരതം തന്‍റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമിക്കുക തന്നെ ചെയ്യും. എം.ടിയുമായി ഇനി സഹകരിക്കാനില്ല. തിരക്കഥ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച് കഴിഞ്ഞു. ഈ അവസരത്തിൽ ആ തിരക്കഥ സിനിമയാക്കി വിവാദം ഉണ്ടാക്കാനില്ലെന്നും ബി.ആർ ഷെട്ടി വ്യക്തമാക്കി.
സംവിധായകനെ ചിലപ്പോൾ മാറ്റും. 1000 കോടിക്കോ അതിന്‍റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയ്യാറാണ്. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും വിദേശഭാഷകളിലും മൊഴിമാറ്റിയും സിനിമ പുറത്തിറക്കുമെന്ന് ഷെട്ടി അറിയിച്ചു. എം.ടിയുടെ രണ്ടാമൂഴം നോവലിൽ ഭീമന്‍റെ വീക്ഷണകോണിലാണ് മഹാഭാരതത്തിന്‍റെ കഥ പറഞ്ഞത്.
Adjust Story Font
16