ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ആറ് മലയാള സിനിമകള്‍ ഇന്ത്യൻ പനോരമയിലേക്ക്
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമക്ക് അഭിമാനമായി ആറ് സിനിമകൾ പ്രദര്‍ശിപ്പിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് സിനിമയാണ് ഉത്ഘാടന ചിത്രം.
22 ഫീച്ചർ സിനിമകളും നാല് മെയിൻ സ്ട്രീം സിനിമകളുമാകും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുക. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവയിലിന്റെ അധ്യക്ഷതയിലുള്ള ജൂറിയിൽ മലയാളിയായ മേജർ രവിയടക്കം പന്ത്രണ്ടോളം ചലച്ചിത്ര പ്രവർത്തകരാണുള്ളത്.
മലയാളത്തിൽ നിന്നും ഷാജി എൻ കരുണിന്റെ ഉത്ഘാടന ചിത്രം ‘ഓള്’ന് പുറമെ സകരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, റഹീം ഖാദറിന്റെ ‘മക്കന’, എബ്രിഡ് ഷൈനിന്റെ ‘പൂമരം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈമയൗ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മുട്ടി നായകനായ ‘പേരൻപ്’ തമിഴിൽ നിന്നും പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മാരി ശെൽവരാജിന്റെ ‘പരിയേറും പെരുമാളാ’ണ് തെരെഞ്ഞെടുത്ത ശ്രദ്ധേയമായ മറ്റൊരു തമിഴ് സിനിമ.
നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ ‘മിഡ് നൈറ്റ് റൺ’, വിനോദ് മങ്കടയുടെ ‘ലാസ്യം’, ഷൈനി ജേക്കബ് ബെഞ്ചമിന്റെ ‘സ്വോഡ് ഓഫ് ലിബർട്ടി’ എന്നിവയാണ് അത്. മറാത്തിയിൽ നിന്നുള്ള ‘ഖർവാസ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉത്ഘാടന ചിത്രം.
നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
Adjust Story Font
16