പാടുക പൂങ്കുയിലേ...മലയാളികളുടെ മനസുകള്‍ തോറും
പാടുക പൂങ്കുയിലേ..കാവും തോറും എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു പി.ലീല എന്ന ഗായിക മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ഒഴുകിയെത്തിയത്.
പാടുക പൂങ്കുയിലേ..കാവും തോറും എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു പി.ലീല എന്ന ഗായിക മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ഒഴുകിയെത്തിയത്. ആദ്യഗാനം പോലെ മലയാളികളുടെ കാതുകളില്‍ ഒരു കുയിലിന്റെ സംഗീതം പോലെ അവര്‍ കടന്നുകയറി. പ്രണയം തുളുമ്പുന്ന ഭക്തിയുടെ ചിറകിലേന്തിയ വാത്സല്യത്തിന്റെ അമ്മ മധുരമുള്ള ഒട്ടേറെ ഗാനങ്ങള്‍ അവര്‍ പാടി അനശ്വരമാക്കി. പി.ലീല എന്ന പാട്ടിന്റെ പൂങ്കുയില്‍ ശബ്ദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് ഇന്ന് 13 വര്‍ഷം. 2005 ഒക്ടോബര്‍ 31നായിരുന്നു ലീല ഈ ലോകത്തോട് വിട പറഞ്ഞത്.
1934ല്‍ പാലക്കാട്ടെ ചിറ്റൂര്‍ പൊറയത്തു കുടുംബത്തില്‍ ഇ.കെ.കുഞ്ഞന്മേനനോന്‍-മീനാക്ഷിക്കുട്ടിയമ്മ ദമ്പതികളുടെ മകളായി ജനനം. കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ച ലീലയുടെ ഗുരു തൃപ്പൂണിത്തുറ മണി ഭാഗവതരായിരുന്നു. പന്ത്രണ്ടാം വയസില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ടായിരുന്നു ലീലയുടെ സംഗീത ലോകത്തെ അരങ്ങേറ്റം. 1946-ല്‍ എച്ച്.ആര്‍.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല ആദ്യമായി സിനിമയില്‍ പിന്നണി പാടുന്നത്. രണ്ടാമത്തെ തമിഴ് ചിത്രമായ 'ബില്‍ഹണ' യിലെ ഗാനങ്ങളും മികച്ചതായിരുന്നു.
നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് ലീല മലയാളികള്‍ക്ക് പരിചിതയാകുന്നത്. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നു തുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല മലയാളത്തില്‍ തന്റെ സംഗീതയാത്രക്ക് തുടക്കം കുറിച്ചു. ഉജ്ജയിനിയിലെ ഗായിക എന്ന പാട്ട് കേള്‍ക്കുമ്പോള്‍ പി.ലീലയെ അല്ലാതെ മറ്റാരെയാണ് ഓര്‍ക്കുക. 1998ല്‍ പുറത്തിറങ്ങിയ തിരകള്‍ക്കപ്പുറം എന്ന ചിത്രത്തിലാണ് ലീല അവസാനമായി പാടിയത്.
ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നാണ് അറിയപ്പെടുന്നത്. നാരായണീയം, ഹരിനാമകീര്‍ത്തനം,അയ്യപ്പ സുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. തുടര്‍ന്ന് ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി. കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, ഫിലിം ഫാന്‍സ് തുടങ്ങി പുരസ്കാരങ്ങളുടെ പട്ടിക ഇങ്ങിനെ നീളുന്നു. 2006ല്‍ പത്മഭൂഷണ്‍ നല്കി രാഷ്ട്രം ഈ അനുഗൃഹീത ഗായികയെ ആദരിച്ചു.
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് തലക്കു പരിക്കേറ്റ് സെപ്തംബര്‍ 20 മുതല്‍ ആശുപത്രിയിലായിരുന്നു. ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പി.ലീല 2005 ഒക്ടോബര്‍ 31ന് ഈ ലോകത്തോട് വിട പറഞ്ഞു.
പി.ലീലയുടെ പ്രശസ്തമായ ഗാനങ്ങള്‍
- 1.സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍
- 2. സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
- 3. ഹിമഗിരി തനയേ
- 4.കന്യാമറിയമേ തായേ
- 5. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
- 6.ചെത്തി മന്ദാരം
- 7. താമരത്തുമ്പീ വാ വാ
- 8. നാരായണ നമ
- 9. വിരലൊന്നു മുട്ടിയാല്‍
- 10.പെണ്ണാളെ പെണ്ണാളെ
Adjust Story Font
16