Quantcast

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നടന്‍ ശിവകുമാര്‍

ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ നടന്‍ തട്ടി താഴെയിടുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    31 Oct 2018 3:15 AM GMT

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നടന്‍ ശിവകുമാര്‍
X

അനുവാദം കൂടാതെ സെല്‍ഫി എടുക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ടമാകാറില്ല. ചില താരങ്ങള്‍ പ്രകോപിതരാവുകയും ചെയ്യും. മുന്‍ തമിഴ് നടനും സൂര്യ-കാര്‍ത്തി താരങ്ങളുടെ അച്ഛനുമായ ശിവകുമാറാണ് ഇത്തവണ ആരാധകരുടെ സെല്‍ഫി പ്രേമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ നടന്‍ തട്ടി താഴെയിടുകയായിരുന്നു. ശിവകുമാര്‍ ദേഷ്യത്തോടെ ഫോണ്‍ തട്ടി താഴെയിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതോടെ താരം മാപ്പ് ചോദിക്കേണ്ടി വന്നു. സെലിബ്രിറ്റികള്‍ക്കും സ്വകാര്യത ആവശ്യമാണ്. കാറില്‍നിന്നും ഇറങ്ങി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോള്‍ അവിടെ മൂന്നുറോളം പേരുണ്ടായിരുന്നു. ഇരുപത്തിയഞ്ചോളം പേര്‍ എനിക്ക് ചുറ്റും കൂടിനിന്ന് സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. വോളന്റിയര്‍മാരെയും എനിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരെയും തളളിമാറ്റിയാണ് അവര്‍ സെല്‍ഫി പകര്‍ത്തുന്നത്. ഇത് കണ്ടപ്പോള്‍ എനിക്ക് അസ്വസ്ഥത ഉണ്ടായി എന്ന് ശിവകുമാര്‍ വിശദീകരിക്കുന്നു. സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നതിന് മുന്‍പ് അയാളുടെ അനുവാദം തേടണമെന്നാണ് തന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല. ഞാന്‍ ബുദ്ധനോ അല്ലെങ്കില്‍ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

ശിവകുമാര്‍ വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇത് അംഗീകരിക്കാന്‍ സിനിമാ പ്രേമികള്‍ തയ്യാറായില്ല. ഇതോടെയാണ് ശിവകുമാര്‍ മാപ്പു പറഞ്ഞത്. ഇഷ്ട താരത്തെ നേരില്‍ കാണുമ്പോള്‍ ചിലപ്പോള്‍ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടന്‍ സഹിക്കണം. ശിവകുമാര്‍ ആരാധകന്റെ ഫോണ്‍ തട്ടിതാഴെയിട്ടത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ അവസരത്തില്‍ തന്റെ പ്രവൃത്തിയില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിനെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അറുപത് മുതല്‍ 90 വരെയുള്ള കാലഘട്ടങ്ങളില്‍ തമിഴ് സിനിമയില്‍ തിളങ്ങി നിന്ന അഭിനേതാവായിരുന്നു ശിവകുമാര്‍. സിന്ധുഭൈരവി, അന്നക്കിളി, നാട്ടുപുര പാട്ട്, ആട്ടുകര അലമേലു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. രണ്ട് തവണ മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

TAGS :

Next Story