കാണാതാകുന്ന പിഞ്ചോമനകളും അമ്മമാരുടെ തീരാവേദനയും; നൃത്താവിഷ്കാരവുമായി നവ്യ നായര്‍
ചിന്നം ചിരു കിളിയേ എന്ന് പേരിട്ടിരിക്കുന്ന നൃത്തശില്‍പം കുഞ്ഞുങ്ങളെ നഷ്ടമാകുന്ന അമ്മമാരുടെ തീരാസങ്കടങ്ങളെ കുറിച്ചാണ്.
മഹാകവി ഭാരതിയാറിന്‍റെ കവിതയുടെ നൃത്താവിഷ്കാരവുമായി നടി നവ്യ നായര്‍. ചിന്നം ചിരു കിളിയേ എന്ന് പേരിട്ടിരിക്കുന്ന നൃത്തശില്‍പം കുഞ്ഞുങ്ങളെ നഷ്ടമാകുന്ന അമ്മമാരുടെ തീരാസങ്കടങ്ങളെ കുറിച്ചാണ്. വീഡിയോയുടെ ട്രെയിലര്‍ യൂ ട്യൂബില്‍ റിലീസ് ചെയ്തു.
അമ്മയും കുഞ്ഞും തമ്മിലുള്ള നിരുപാധിക സ്‌നേഹമാണ് നൃത്താവിഷ്കാരത്തിന്‍റെ പ്രമേയം. കുഞ്ഞിനോടുള്ള അമ്മയുടെ കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള വേദനയുമെല്ലാം ഭരതനാട്യ രൂപത്തിലാണ് നവ്യാ നായര്‍ അവതരിപ്പിക്കുന്നത്.
ഒരുപാട് കുഞ്ഞുങ്ങള്‍ നമ്മുടെ നാട്ടില്‍ വീടുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവരെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതുമൊക്കെ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ്. കുഞ്ഞിനെ നഷ്ടമാകുന്ന അമ്മമാര്‍ അനുഭവിക്കുന്നത് തീരാവേദനയാണ്. 10 മാസം ചുമന്ന് പ്രസവിച്ച് സ്നേഹവും കരുതലും നല്‍കി രാപ്പകല്‍ പരിപാലിച്ചിട്ട് പെട്ടെന്നൊരു ദിവസം കുഞ്ഞിനെ നഷ്ടമാകുന്നതോടെ അമ്മയുടെ ജീവിതം നരകതുല്യമാകും. വേദനയും വിഷാദവും ഒറ്റപ്പെടലുമൊക്കെ അവരുടെ ജീവിതത്തെ വേട്ടയാടുന്നു.
നാളെയാണ് നൃത്താവിഷ്കാരത്തിന്‍റെ വീഡിയോ പ്രകാശനം. ഓട്ടിസം മേഖലയുടെ പുരോഗതി ലക്ഷ്യംവെച്ചുള്ള സ്‌പെക്ട്രം എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പ്രകാശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വീഡിയോ പ്രകാശനം ചെയ്യും.
Adjust Story Font
16