ആരാണ് വിജയ് സേതുപതി? ഏഴ് വർഷം മുൻപ് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി ഞെട്ടിക്കും
2010 ഡിസംബർ 23 നാണ് തമിഴിലെ മുൻ നിര സംവിധായകനായ കാർത്തിക് സുബ്ബരാജ് ഫേസ്ബുക്കിൽ ഒരു എഴുത്ത് പോസ്റ്റ് ചെയ്യുന്നത്. ‘തേൻമർക്കു പരുവകാട്രൂ എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ വെള്ളിത്തിരയിൽ കാണുന്നതിൽ അതീവ സന്തോഷത്തിലാണ്, എല്ലാ വിധ ആശംസകളും വിജയ്. പ്രകടനം കൊണ്ട് തകർക്കൂ’; എന്നായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ട് പുറകെ തന്നെ ഒരു കമന്റ്റ് പ്രത്യക്ഷപെട്ടു, അരുൺ പ്രിയൻ എന്ന പ്രേക്ഷകന്റെ ചോദ്യം കമൻറ്റിൽ ഇങ്ങനെയായിരുന്നു - ' ആരാണ് വിജയ് സേതുപതി?' ഏഴ് വർഷം മുൻപത്തെ ആ അറിയപ്പെടാത്ത പ്രേക്ഷകന് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് ഇന്നും ഏവരെയും ഞെട്ടിക്കുന്നത്. ആ മറുപടിയുടെ കൃത്യത കൊണ്ട് തന്നെ ഏഴ് വർഷം മുൻപത്തെ ആ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റും കമന്റും ആശ്ചര്യത്തോടെ ആഘോഷമാക്കുകയാണ് ചലച്ചിത്ര പ്രേമികൾ. ‘വിജയ് സേതുപതി ആരെന്ന് വൈകാതെ നീ അറിയും’; എന്ന ആ മറുപടിക്ക് അത്രയും ശക്തിയും കൃത്യതയുമുണ്ടായിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു. വിജയ് സേതുപതി നായകനായ ‘96’ നിറഞ്ഞ സദസ്സിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സേതുപതിയുടെ ആദ്യ സിനിമയായിരുന്നു അന്ന് കാർത്തിക് സുബ്ബരാജ് കാണാൻ ആവശ്യപ്പെട്ട വിജയാശംസ നേർന്ന 'തേൻമർക്കു പരുവകാട്രൂ'. അതിന് ശേഷം സേതുപതിയുടേതായി 25ലധികം സിനിമകൾ പുറത്തിറങ്ങി. പുറത്തിറങ്ങിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളും.
2003 ലാണ് വിജയ് സേതുപതി ദുബൈയിലെ അക്കൗണ്ടന്റ് ജോലി മതിയാക്കി സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. തുടക്കത്തിൽ നായകന്റെ സുഹൃത്തായും പിന്നിലെ പേരില്ലാത്ത ചെറിയ കഥാപാത്രങ്ങളായും അഭിനയിച്ച സേതുപതിയുടെ കരിയർ ബ്രേക്ക് ആയിരുന്നു സുന്ദര പാണ്ഡ്യനിലെ വില്ലൻ വേഷം. ശേഷം പിസ്സ, നടുവുല കൊഞ്ചം പാക്കാത്ത കാനോം, പന്നൈയാരും പദ്മിനിയും, ഓറഞ്ച് മിട്ടായി, ഇരൈവി, വിക്രം വേദ എന്നീ സിനിമകളിലൂടെ അഭിനയ പ്രതിഭ അടയാളപ്പെടുത്തി. സുന്ദര പാണ്ഡ്യനിലെ അഭിനയത്തിന് തമിഴ് നാട് സർക്കാരിൽ നിന്നും മികച്ച വില്ലനുള്ള അവാർഡ് കിട്ടിയതാണ് ആദ്യ അംഗീകാരം.
തമിഴിലെ പ്രമുഖ നാടക ഗ്രൂപ്പായ കൂത്തു പട്ടറൈയുടെ പോസ്റ്റർ കണ്ടതിൽ പിന്നെയാണ് അഭിനയമോഹം വീണ്ടും മുള പൊട്ടിയതെന്ന് വിജയ് സേതുപതി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ പോസ്റ്റർ കണ്ട നിമിഷം പണ്ട് ബാലു മഹേന്ദ്ര തന്റെ മുഖം ഫോട്ടോ ജെനിക്കാണെന്ന് പറഞ്ഞത് ഓർത്തു പോയെന്നും അതിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നെനും സേതുപതി പറയുന്നു. കാർത്തിക് സുബ്ബരാജിന്റെ കൂടെ ശേഷം നിരവധി സിനിമകളിൽ അടയാളപ്പെടുത്തുന്ന വേഷങ്ങളിൽ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നു. ജിഗാർത്താണ്ട, ഇരൈവി, പിസ്സ എന്നീ സിനിമകൾ ഈ രണ്ടു പേരുടെയും പ്രതിഭ അടയാളപ്പെടുത്തിയ സിനിമകളായിരുന്നു. പേട്ടയാണ് ഇനി കാർത്തിക് സുബ്ബരാജിന്റേതായി സേതുപതി അഭിനയിക്കുന്ന ചിത്രം. രജനീകാന്താണ് ഇതിൽ മുഖ്യ വേഷത്തിൽ വരുന്നത്. സീതാ കത്തി, സൂപ്പർ ഡീലക്സ് എന്നിവയാണ് സേതുപതിയുടേതായി ഇനി പ്രതീക്ഷയുള്ള ചിത്രങ്ങൾ.
Adjust Story Font
16