മറ്റൊരു താരവിവാഹം ആഘോഷമാക്കാനൊരുങ്ങി ബോളിവുഡ്
പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്
ദീപിക - രണ്‍വീര്‍ വിവാഹത്തിന് പിന്നാലെ ബോളിവുഡില്‍ നിന്നും അടുത്ത വിവാഹത്തിന്റെ ആരവങ്ങള്‍ ഉയരുകയാണ്. പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ രണ്ടിനായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്‍.
പ്രിയങ്കയുടെ അമ്മയുടെ വസതിയില്‍ വിവാഹ ചടങ്ങിന് മുന്നോടിയായി പൂജയില്‍ പങ്കെടുക്കാന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇരുവരും എത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഗായകന്‍ അര്‍മാന്‍ മാലികിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
ജോധ്പൂരിലെ ഉമൈദ് ഭവനിലാണ് പ്രിയങ്ക-നിക് വിവാഹം. വിവാഹ തിയ്യതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിവാഹത്തിന് ശേഷം എവിടെയായിരിക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം നടത്തുകയെന്നും ഇതുവരെ അറിയിച്ചിട്ടില്ല.
ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക്. ദീപികയുടെ വിവാഹ മാമാങ്കം കഴിഞ്ഞ് ഏറെ വൈകാതെ എത്തിയ മറ്റൊരു താരവിവാഹത്തിന്റെ ആഘോഷത്തിലാണ് ആരാധകർ.
Adjust Story Font
16