‘ദുരിതാശ്വാസ നിധിയില്‍ വരുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല’; ധര്‍മജന് പിന്തുണയുമായി ജോജു ജോര്‍ജ്
ദുരിതാശ്വാസ നിധിയില്‍ വരുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നില്ലെന്ന ധര്‍മജന്റെ നിലപാട് ശരിയാണെന്ന് നടന്‍ ജോജു ജോര്‍ജ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ധര്‍മജന് പിന്തുണയേകി സംസാരിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ എത്രയോ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് അതിവേഗത്തില്‍ എത്തിയെങ്കിലും അതൊന്നും അതിനര്‍ഹരായവര്‍ക്ക് അതെ വേഗത്തില്‍ കൊടുത്തില്ല എന്നും താന്‍ പ്രതിനിധാനം ചെയ്ത അമ്മ നല്‍കിയ കോടികളും അതിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന രീതിയിലൊരു സംവിധാനം ഇവിടെയില്ലേ എന്നായിരുന്നു ധര്‍മജന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പ്രതിഷേധ രൂപത്തില്‍ തുറന്നടിച്ചത്. ഇതിന് പിന്തുണയായിട്ടാണ് നടന്‍ ജോജു ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
‘എനിക്ക് അറിയുന്ന ധര്‍മജന്‍ തമാശറോളുകള്‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം. എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അവരുടെ കൈയ്യിലാണ് കാര്യങ്ങളെന്നും ജോജു പറഞ്ഞു. ഉദ്യോഗസ്ഥ രംഗത്തെ പ്രശ്നങ്ങള്‍ കാരണം തനിക്കും ആഴ്ച്ചകള്‍ സര്‍ക്കാര്‍ ആവശ്യത്തിന് വേണ്ടി നടക്കേണ്ടി വന്നുവെന്നും ജോജു കൂട്ടിചേര്‍ത്തു.
നേരത്തെ ധര്‍മജന്‍ ദുരിതാശ്വാസ നിധിക്കെതിരെ രംഗത്തുവന്നപ്പോള്‍ വമ്പിച്ച പ്രതിഷേധമാണ് ഇടത് അനുകൂല പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. ധര്‍മജന് പിന്തുണയുമായി പിന്നീട് നടന്‍ ടിനി ടോമും രംഗത്തുവന്നിരുന്നു. ധര്‍മജന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും വലിയ രീതിയില്‍ പ്രതിഷേധം അരങ്ങേറി.
Adjust Story Font
16