സ്ത്രീകൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ കാംപെയ്‌നുമായി ഡബ്ല്യു.സി.സി
ഓൺലൈനിലെ മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ അതിക്രമം നടത്തുന്നവർക്കൊപ്പമോ ഇരകൾക്കൊപ്പമോ എന്ന് ആത്മപരിശോധ നടത്താൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് കാംപെയ്‌നിലൂടെ അഭ്യർത്ഥിക്കുന്നതായി സംഘാടകർ
ഓൺലൈനിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് പത്തുദിവസത്തെ 'സേ നോ ടു സൈബർ വയലൻസ്' കാംപെയ്‌ന് തുടക്കമിട്ടു. ഓൺലൈനിലെ മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ അതിക്രമം നടത്തുന്നവർക്കൊപ്പമോ ഇരകൾക്കൊപ്പമോ എന്ന് ആത്മപരിശോധ നടത്താൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് കാംപെയ്‌നിലൂടെ അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദേശീയതലത്തിൽ വനിതകളുടെ അവകാശത്തിനായി സജീവമായി പ്രവർത്തിക്കുന്ന ഷി ദി പീപ്പിൾ, ഫെമിനിസം ഇൻ ഇന്ത്യ, സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യങ്ങളായ പോപ്കൾട്ട് മീഡിയ, ഐ.സി.യു, ഫർഹാൻ അഖ്തർ നേതൃത്വം നൽകുന്ന മെൻ എഗയ്ൻസ്റ്റ് റേപ്പ് ആന്റ് ഡിസ്‌ക്രിമിനേഷൻ (മർദ്) എന്നിവയുമായി സഹകരിച്ചാണ് കാംപെയ്ൻ.
സൈബർ അതിക്രമങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളും മാധ്യമങ്ങളും പങ്കാളികളാകുമെന്നും അതിക്രമങ്ങളുണ്ടാകുന്ന ഇടങ്ങളിൽ ഇടപെടുമെന്നും പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.സി.സി പറഞ്ഞു. കാംപെയ്‌നിൽ പങ്കെടുക്കാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ടെന്നും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മർദ് സഹസ്ഥാപകൻ അനുരാഗ് റാവു പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ അവബോധമുയർത്താൻ ഈ കാംപെയ്‌ന് സാധിക്കുമെന്ന് ഷിപീപ്പിൾടിവി ഐഡിയാസ് എഡിറ്റർ കിരൺ മൺറൽ അഭിപ്രായപ്പെട്ടു. ഇന്റർനെറ്റ് മറ്റേതൊരു പൊതുസ്ഥലവും പോലെയാണെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അധികസാന്നിധ്യം അവിടെ കൂടുതൽ സുരക്ഷിതത്വം ഉണ്ടാക്കുമെന്നും ഫെമിനിസം ഇൻ ഇന്ത്യ സ്ഥാപക ജസ്പ്ലീൻ പസ്‌റിച്ച പറഞ്ഞു.
Adjust Story Font
16