Quantcast

ബോളിവുഡ് ഗായിക അനുരാധ പട്‌വാളിന്‍റെ മകളാണെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ

ബാല്യ-കൌമാര-യൌവന കാലഘട്ടങ്ങളില്‍ തനിക്ക് പരിചരണം നിഷേധിച്ചതിനാല്‍ 50 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo
ബോളിവുഡ് ഗായിക അനുരാധ പട്‌വാളിന്‍റെ മകളാണെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ
X

പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പട്‌വാളിന്‍റെ മകളാണെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം വര്‍ക്കല സ്വദേശി കര്‍മല മോഡക്സാണ് കുടുംബകോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. തന്‍റെ മാതാപിതാക്കള്‍ അനുരാധ പട്‌വാളും അരുണ്‍ പട്‌വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നാണ് കര്‍മലയുടെ ആവശ്യം.

സംഗീത ലോകത്ത് അനുരാധ പ്രശസ്തിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് 1974ല്‍ കര്‍മല ജനിച്ചത്. സംഗീത ലോകത്തെ തിരക്ക് കാരണം പ്രസവിച്ച ശേഷം തന്നെ വളര്‍ത്താന്‍ കുടുംബ സുഹൃത്തായ പൊന്നച്ചനെ അനുരാധയും അരുണ്‍ പട്‌വാളും ഏല്‍പ്പിച്ചുവെന്നാണ് കര്‍മല പറയുന്നത്.

പൊന്നച്ചനും ഭാര്യ ആഗ്നസിനും മൂന്ന് മക്കള്‍ക്കും ഒപ്പമാണ് കര്‍മല വളര്‍ന്നത്. പൊന്നച്ചന് സ്ഥലം മാറി തിരുവനന്തപുരത്തേക്ക് പോന്നപ്പോള്‍ കുഞ്ഞിനെ വാങ്ങാന്‍ അരുണും അനുരാധയുമെത്തി. എന്നാല്‍ കുഞ്ഞിനെ നല്‍കാന് പൊന്നച്ചനും ആഗ്നസിനും മാനസികമായി ബുദ്ധിമുട്ടായിരുന്നു.

ഇത് മനസിലാക്കി കുട്ടി അവര്‍ക്കൊപ്പം വളരട്ടെ എന്ന് അനുരാധ തീരുമാനിച്ചു. തിരിച്ചുപോയ അനുരാധ മകളെ മറന്നുവെന്നാണ് കര്‍മല പറയുന്നത്. ഒരിക്കല്‍ പോലും കര്‍മലയെ പറ്റി അന്വേഷിക്കാന്‍ ഇരുവരും തയ്യാറായില്ല. പൊന്നച്ചന്‍റെ സാമ്പത്തിക ബുദ്ദമുട്ട് കാരണം കര്‍മലക്ക് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കര്‍മലയുടെ വിവാഹവും പൊന്നച്ചനാണ് നടത്തിയത്. പിന്നീട് മരണത്തിന് തൊട്ടുമുമ്പാണ് കര്‍മലയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കുറിച്ച് പൊന്നച്ചന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം അറിഞ്ഞ് അനുരാധ പട്‌വാളിനെ ബന്ധപപെട്ടെങ്കിലും അവര്‍ മാതൃത്വം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കുടുംബകോടതിയെ സമീപിക്കാന് കര്‍മല തീരുമാനിച്ചത്.

അരുണ്‍ പട്‌വാളും അനുരധാ പട‌്‌വാളുമാണ് തന്‍റെ മാതാപിതാക്കള്‍ എന്ന് പ്രഖ്യാപിക്കണമെന്നാണ് കര്‍മലയുടെ ആവശ്യം. ബാല്യ-കൌമാര-യൌവന കാലഘട്ടങ്ങളില്‍ തനിക്ക് പരിചരണം നിഷേധിച്ചതിനാല്‍ 50 കോടി നഷ്ടപരിഹാരം നല്‍കണമെന്നും കര്‍മല ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story