'ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, പക്ഷേ പ്രചാരകയാവാൻ താത്പര്യമില്ല, കാരണം'.. ശ്രുതി ഹാസൻ
'ഏതെങ്കിലും നടി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അവർ കള്ളം പറയുകയാണ്'
ബോഡി ഷെയിമിങിനും മറ്റും എതിരെ വ്യക്തമായ നിലപാടുള്ള നടിയാണ് ശ്രുതി ഹാസൻ. ഇത്തവണ പ്ലാസ്റ്റിക് സർജറിയെ കുറിച്ചാണ് ശ്രുതിയുടെ തുറന്നുപറച്ചിൽ. താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നും അത് എന്തിനായിരുന്നുവെന്നും പറയുകയാണ് ശ്രുതി.
'ഞാൻ മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു അത്. മൂക്കിന്റെ ആകൃതി ശരിയല്ലെന്ന് സ്വയം തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാതെ ആരും നിർബന്ധിച്ചിട്ടല്ല. എന്നാൽ ഞാൻ പ്ലാസ്റ്റിക് സർജറിയുടെ പ്രചാരകയാവാൻ ആഗ്രഹിക്കുന്നില്ല. കാരണം പലപ്പോഴും പലരും ചെയ്യുന്നത് ആരുടെയൊക്കെയോ സമ്മർദം കൊണ്ടാണ്. അങ്ങനെ ചെയ്യേണ്ടിവരുന്നതിനോട് താത്പര്യമില്ല. എന്നോട് തന്നെ പലരും എന്റെ മുഖം പാശ്ചാത്യരുടേത് പോലെയാണ്, പൗരുഷമുള്ളത് പോലെയാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്'.
ഏതെങ്കിലും നടി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അവർ കള്ളം പറയുകയാണ്. കാരണം പ്ലാസ്റ്റിക് സർജറി കൊണ്ട് മുഖം വല്ലാതങ്ങ് മാറുകയൊന്നുമില്ല. മുടി കളർ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ കോൺടാക്റ്റ് ലെൻസ് വെയ്ക്കുന്നത് പോലെയൊക്കെയേ ഉള്ളൂ. 40കളിലെ സ്ത്രീക്ക് ബോട്ടോക്സ് എടുക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ അവർ ചെയ്യട്ടെ. സ്വന്തം താത്പര്യമാണത്. ആരെങ്കിലും നിർബന്ധിച്ചോ ആരുടെയെങ്കിലും സമ്മർദം കൊണ്ടോ ചെയ്യേണ്ടിവരുന്നത് മാത്രമാണ് പ്രശ്നം. തന്റെ യാത്രയിൽ സത്യസന്ധയായിരിക്കാൻ താത്പര്യപ്പെടുന്നുവെന്നും അതുകൊണ്ടാണ് ഇതൊക്കെ തുറന്നുപറയുന്നതെന്നും ശ്രുതി വ്യക്തമാക്കി.
നേരത്തെ ബോഡി ഷെയിമിങിന് ഇരയായപ്പോൾ ശ്രുതി പ്ലാസ്റ്റിക് സർജറിയുടെ കാര്യം ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയിരുന്നു. എന്റെ ജീവിതമാണ്, എന്റെ മുഖമാണ്, ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നാണ് ശ്രുതി പറഞ്ഞത്. താൻ അതിനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല, ഓരോരുത്തരുടെ സ്വാതന്ത്ര്യമാണെന്നാണ് ശ്രുതി അന്നും പറഞ്ഞത്.
Adjust Story Font
16