Quantcast

മാഞ്ഞുപോയ സംഗീത താരകം

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 9 വര്‍ഷം

MediaOne Logo

  • Published:

    18 Aug 2020 3:04 AM GMT

മാഞ്ഞുപോയ സംഗീത താരകം
X

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 9 വര്‍ഷം. മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്‍റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍.

ഏറ്റവും സുന്ദരമായ ഗാനങ്ങളൊരുക്കിയവരില്‍ ഒരാള്‍.മലയാളസിനിമയുടെ വസന്തകാലത്തിന്‍റെ അടയാളമായ ഒരാള്‍..മലയാളത്തിന്‍റെ പാട്ടോര്‍മ്മകളില്‍ അന്നും ഇന്നും ജോണ്‍സണ്‍ മാഷ് ആര്‍ദ്രരാഗങ്ങളുടെ തമ്പുരാനാണ്. എണ്‍പതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ആ നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങള്‍ക്കിന്നും നവയൗവ്വനം. പള്ളിക്കു മുമ്പിലെ ഇരുമ്പു ഗെയിറ്റില്‍ താളം പിടിച്ചു പാടിയിരുന്ന പതിനൊന്നുകാരനെ ഹാര്‍മോണിയവും ഓടക്കുഴലും പഠിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോയത്‌ ഒരു വി സി ജോര്‍ജ്ജ്‌ എന്ന അദ്ധ്യാപകനായിരുന്നു.

ജി. ദേവരാജന്‍റെ ശിഷ്യനായി സിനിമയിലെത്തിയ ജോണ്‍സണ്‍ ദേവരാജന് ശേഷം ഏറ്റവും കൂടുതല്‍ മലയാള സിനിമകള്‍ക്ക് സംഗീതമൊരുക്കിയ സംഗീതസംവിധായകനായി. 1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തി. 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി. പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രികതയുടെ സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു.

നാടന്‍മണമുള്ള ശീലുകള്‍ പകരാന്‍ ജോണ്‍സണ്‍ മാഷോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് അടിവരയിട്ട എത്രയോ ഗാനങ്ങള്‍. മലയാള സിനിമാരംഗത്തെ പശ്ചാത്തല സംഗീതത്തെ ജോണ്‍സന് മുന്‍പും ജോണ്‍സന് ശേഷവും എന്നും കാലം അടയാളപ്പെടുത്തും. മരണത്തിലേക്ക് മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജോണ്‍സണ്‍ മാഷ് എന്ന ആ രാജഹംസം പാട്ടോര്‍മ്മകളുടെ മഴവില്‍ക്കുടിലിലിരുന്ന് ഇപ്പോഴും പാടുന്നുണ്ട്.ഓരോ മലയാളിയും അതിനായി ഇപ്പോഴും കാതോർക്കുന്നുമുണ്ട്!!!

TAGS :

Next Story