ലേഡി സൂപ്പര്‍ സ്റ്റാറല്ല, ലേഡി മോഹന്‍ലാലുമല്ല; ഉര്‍വ്വശി നടിയാണ് മികച്ച നടി
സ്വഭാവ ഗുണം നായികമാര്‍ക്ക് നിര്‍ബന്ധമായിരുന്ന കാലത്താണ് കുശുമ്പും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉര്‍വ്വശി വ്യത്യസ്തമായത്
ഏത് പാത്രത്തിലാണോ ജലം ആ പാത്രത്തിന്‍റെ രൂപം സ്വീകരിക്കുന്നതുപോലെയാണ് ചില അഭിനേതാക്കള്‍. വെള്ളമൊഴിച്ചു വച്ചതു പോലെ ആ കഥാപാത്രത്തിനോട് താദാത്മ്യം പ്രാപിച്ച് അവയില്‍ നിന്നും പുറത്തുകടക്കാനാകാതെ അവരങ്ങിനെ ജീവിക്കും. ഉര്‍വ്വശിയും അങ്ങിനെയാണ്..അല്ല അതിനും മുകളിലാണ്. ഉര്‍വ്വശിയെ മലയാളി ഒരിക്കലും ഒരു പ്രത്യേക ഇമേജില്‍ തളച്ചിട്ടിട്ടില്ല. അങ്ങിനെ തളച്ചിടാനാകുമില്ല. കാരണം ഉര്‍വ്വശി ഓരോ ചിത്രത്തിലൂടെയും പ്രേക്ഷകരെ അത്ഭുതത്തിന്‍റെ കൊടുമുടിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.
സ്വഭാവ ഗുണം നായികമാര്‍ക്ക് നിര്‍ബന്ധമായിരുന്ന കാലത്താണ് കുശുമ്പും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉര്‍വ്വശി വ്യത്യസ്തമായത്. തന്നെ ഇങ്ങിനെ മാത്രമേ കരുതാവൂ എന്ന് അവരിലെ അഭിനേത്രി ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. കടിഞ്ഞൂല്‍ക്കല്യാണത്തിലെ അല്‍പം വട്ടുള്ള ഹൃദയകുമാരിയും തലയണ മന്ത്രത്തിലെ അസൂയ കൈമുതലായുള്ള കാഞ്ചനയും കിഴക്കന്‍ പത്രോസിലെ പത്രോസിന്‍റെ കാമുകിയായ ചാളമേരിയും ഭര്‍ത്താവിനെ അന്ധമായി സ്നേഹിക്കുന്ന മിഥുനത്തിലെ സുലോചനയും കാക്കത്തൊള്ളായിരത്തിലെ മാനസിക വളര്‍ച്ചയില്ലാത്ത കുസൃതിയായ രേവതിയും ആടുതോമയുടെ തുളസിയുമെല്ലാം ഉര്‍വ്വശി ഇതെന്തൊരു നടിയെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. മിഥുനത്തിലെ സുലോചന എന്ന കഥാപാത്രത്തെ തനിക്കിഷ്ടമായിരുന്നില്ലെന്ന് ഉര്‍വ്വശി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ''സുലോചന'യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തിൽ സുലോചനയുടേത്.'' എന്നായിരുന്നു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നിട്ടും തിയറ്ററില്‍ വേണ്ടത്ര വിജയം നേടാന്‍ മിഥുനത്തിന് സാധിച്ചില്ല. തന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ ചിത്രത്തെ മോശമായി ബാധിച്ചുവെന്ന് ഉര്‍വ്വശി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
അഭിനയ കാലത്തിലുടനീളം മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ട് അവാര്‍ഡുകള്‍ വാരിക്കൂട്ടുകയായിരുന്നു ഉര്‍വ്വശി. 1989 മുതല്‍ 91 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ കൈപ്പിടിയിലൊതുക്കി ഉര്‍വ്വശി. 1995ലും 2006ലും വീണ്ടും സംസ്ഥാന പുരസ്കാരങ്ങള്‍. 2006ല്‍ തന്നെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം. ഉര്‍വ്വശിയുടെ അഭിനയം കണ്ട് ശീലിച്ച മലയാളിക്ക് ഈ അവാര്‍ഡുകള്‍ പുതുമയുള്ള കാര്യമൊന്നുമല്ലായിരുന്നു. കാരണം ഇക്കാലയളവിനുള്ളില്‍ ഒരിക്കല്‍ പോലും മികവിന്‍റെ ഗ്രാഫില്‍ നിന്നും ഒരു പടി പോലും താഴെപ്പോയിട്ടില്ല ഉര്‍വ്വശി.
കോമഡി കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. നായികമാര്‍ക്കും കോമഡി വഴങ്ങുമെന്ന് തെളിയിച്ച നടി. കടിഞ്ഞൂല്‍ക്കല്യാണം, യോദ്ധ, മധുചന്ദ്രലേഖ, അരവിന്ദന്‍റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ഉര്‍വ്വശിയെ ആണ് കണ്ടത്. ഡയലോഗ് കൊണ്ടല്ല, ഉര്‍വ്വശിയുടെ സംഭാഷണ ശൈലിയായിരുന്നു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. മുറച്ചെറുക്കനായ അപ്പുക്കുട്ടനോട് '' ചുമ്മാതങ്ങിരുന്നു തോറ്റാല്‍ പോരേ..അതിനീ വീരവാദം വേണോ?'' എന്ന് മുഖത്ത് നോക്കി കൂളായി പറയുന്ന ദമയന്തിയായിരുന്നു നായിക അശ്വതിയെ അവതരിപ്പിച്ച മധുബാലയെക്കാള്‍ യോദ്ധയില്‍ സ്കോര്‍ ചെയ്തത്.
മനോജ് കെ.ജയനുമായുള്ള വിവാഹത്തിന് ശേഷം 2005ല്‍ അച്ചുവിന്‍റെ അമ്മയിലൂടെ തിരിച്ചെത്തുമ്പോള്‍ അത് ശരിക്കും ഒരു ഉഗ്രന്‍ വരവ് തന്നെയായിരുന്നു. എല്‍.ഐ.സി ഏജന്‍റായ വനജയിലൂടെ ആദ്യത്തെ ദേശീയ പുരസ്കാരം ഉര്‍വ്വശി നേടി. ശരിക്കും ഇതിനും എത്രയോ മുന്‍പെ ലഭിക്കേണ്ട പുരസ്കാരമായിരുന്നു അത്. വെറും 36 വയസുള്ള ഉര്‍വ്വശി അന്ന് 23കാരിയായ മീര ജാസ്മിന്‍റെ അമ്മയായി വേഷമിട്ടു.
ഈയിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ പുത്തന്‍ പുതുകാലൈയില്‍ സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയില്‍ ഉര്‍വ്വശിയും അഭിനയിച്ചിരുന്നു. മധ്യവയസ്കരുടെ പ്രണയം പറഞ്ഞ ചിത്രത്തില്‍ ജയറാമായിരുന്നു ഉര്‍വ്വശിയുടെ ജോഡിയായി എത്തിയത്. പതിവ് പോലെയായിരുന്നു ഉര്‍വ്വശിയുടെ പ്രകടനവും. സുരാരെ പോട്രുവിലെ സൂര്യയുടെ അമ്മ വേഷം, മുക്കൂത്തി അമ്മനിലെ കഥാപാത്രം എന്നിവയൊക്കെ കണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പില്‍ ഉര്‍വ്വശിയുടെ അഭിനയത്തെക്കുറിച്ച് ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നുണ്ട്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞെന്നും ഉര്‍വ്വശിയുടെ രണ്ടാം വരവെന്നുമാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ലേഡി മോഹന്‍ലാലെന്നും ലേഡി സൂപ്പര്‍ സ്റ്റാറെന്നുമുള്ള വിശേഷണവും ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ലേഡി മോഹന്‍ലാലെന്നോ സൂപ്പര്‍സ്റ്റാറെന്നോ അറിയപ്പെടേണ്ടെന്നും ഭേദപ്പെട്ട നടിയെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്നും ഉര്‍വ്വശി ഈയിടെ പറഞ്ഞിരുന്നു.
എണ്‍പതുകളിലെ ഉര്‍വ്വശിയുടെ അഭിനയത്തെ മോഹന്‍ലാലിന്‍റെ അഭിനയവുമായി താരതമ്യപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും ലാലും ഉര്‍വ്വശിയും വരുന്ന കോമ്പിനേഷന്‍ സീനുകളില്‍. മറ്റൊരാളുടെ അഭിനയരീതിയുമായി താരതമ്യം ചെയ്യേണ്ട ഒരു ആക്ടിംഗ് സ്റ്റൈല്‍ അല്ല ഉര്‍വ്വശിയുടേത്. സ്വഭാവിക അഭിനയം കൊണ്ട് തന്‍റേതായ ഒരു അഭിനയരീതി തന്നെ അവര്‍ തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും ഉര്‍വ്വശിയെപ്പോലെ അഭിനയിക്കുന്നുവെന്ന് പറയാന്‍ പറ്റുന്ന വിധം ഒരു നടിയെ പിന്നീട് നാം കാണാത്തത്. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതെ നെഗറ്റീവോ, പോസിറ്റീവോ എന്ന് നോക്കാതെ അഭിനയിക്കുന്ന ഉര്‍വ്വശി. ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിമാര്‍ അമ്മവേഷത്തില്‍ വന്ന് ഒതുങ്ങിപ്പോകുമ്പോള്‍ അവയില്‍ നിന്നും തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ കണ്ടെത്തി സ്ക്രീനില്‍ മറ്റുള്ളവരെ നിഷ്പ്രഭരാക്കുകയാണ് ഉര്‍വ്വശി. ഭാഷയേതായാലും കഥാപാത്രമേതായാലും പ്രതിഭയുടെ ആ 'ഉര്‍വ്വശി ടച്ച്' അവര്‍ അവതരിപ്പിക്കുന്ന എല്ലാ വേഷങ്ങള്‍ക്കുമുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16