Quantcast

സിനിമ, മോഡലിംഗ്, സ്പോര്‍ട്സ്; പൊക്കമില്ലായ്മയെ നേട്ടങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച് മഞ്ജു രാഘവ്

2018ല്‍ റിലീസ് ചെയ്ത മൂന്നര എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തിയത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:36:50.0

Published:

24 Dec 2020 4:56 AM GMT

സിനിമ, മോഡലിംഗ്, സ്പോര്‍ട്സ്; പൊക്കമില്ലായ്മയെ നേട്ടങ്ങള്‍   കൊണ്ട് തോല്‍പ്പിച്ച് മഞ്ജു രാഘവ്
X

കുട്ടിക്കാലത്ത് മറ്റ് കുട്ടികള്‍ കൂട്ടുകൂടി കളിക്കുമ്പോള്‍ അവരില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാനായിരുന്നു മഞ്ജുവിന് ഇഷ്ടം. തന്‍റെ പൊക്കമില്ലായ്മ അവര്‍ക്ക് കളിയാക്കാനുള്ള ഒരു കാരണമാണെന്നാണ് കൊച്ചു മഞ്ജുവിന് അറിയാമായിരുന്നു. സ്കൂളിലും നാലാള് കൂടുന്നിടത്തു നിന്നെല്ലാം മഞ്ജു സ്വയം വിലക്ക് കല്‍പ്പിച്ചു. പരിഹാസങ്ങള്‍ കേട്ടു കരഞ്ഞു. പക്ഷെ തോറ്റു കൊടുക്കാന്‍ മഞ്ജു തയ്യാറായിരുന്നില്ല. ശാരീരിക പരിമിതികളെ നേട്ടങ്ങള്‍ കൊണ്ട് തോല്‍പ്പിക്കുകയാണ് മഞ്ജു രാഘവ്. സിനിമ, മോഡലിംഗ്, സ്പോര്‍ട്സ്, നൃത്തം.. തുടങ്ങി മഞ്ജു കൈവയ്ക്കാത്ത മേഖലകളില്ല.

മഞ്ജു നായികയായ മൂന്നര എന്ന ചിത്രത്തിലെ രംഗം

മലയാള സിനിമയിലെ ഉയരം കുറഞ്ഞ നായിക

2018ല്‍ റിലീസ് ചെയ്ത മൂന്നര എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തിയത്. ഒരു പക്ഷേ മലയാള സിനിമയിലെ ഉയരം കുറഞ്ഞ ആദ്യത്തെ നായികയായിരിക്കും മഞ്ജു. മഞ്ജുവിനെപ്പോലെ തന്നെ ഉയരം കുറഞ്ഞ അറുമുഖന്‍ ആലപ്പുഴയായിരുന്നു ചിത്രത്തിലെ നായകന്‍. സൂരജ് എസ്.കുറുപ്പ് സംവിധാനം ചെയ്ത ചിത്രത്തില്‍ പി.ബാലചന്ദ്രന്‍, കൃഷ്ണ കുമാര്‍, ഹരീഷ് പേരടി, അംബിക മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നുവെന്ന് മഞ്ജു പറയുന്നു. പൊക്കമില്ലാത്ത ഒരു കുട്ടി വേണമെന്ന് സംവിധായകന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അറുമുഖന്‍ തന്നെയാണ് തനിക്ക് സിനിമില്‍ അവസരമൊരുക്കിയതെന്ന് മഞ്ജു പറഞ്ഞു. പിന്നീട് ചില ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും ചെറിയ അവസരങ്ങള്‍ വരുന്നുണ്ട്. കോവിഡ് കാരണം ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഇപ്പോള്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നുണ്ട്. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വീട്ടുകാരും പത്താം ക്ലാസില്‍ തനിക്കൊപ്പം പഠിച്ചവരും എപ്പോഴും പ്രോത്സാഹനവുമായി കൂടെയുണ്ടെന്നും മഞ്ജു പറയുന്നു. പാലക്കാട് കുമ്മംകോട് പുത്തന്‍പുര വീട്ടില്‍ രാഘവന്‍റെയും പരേതയായ ശാന്തയുടെയും മകളാണ് മഞ്ജു.

ട്രാക്കിലെ മിന്നും താരം

ഉയരക്കുറവൊന്നും ഒരു മേഖലയില്‍ നിന്നും മഞ്ജുവിനെ പിന്നിലാക്കുന്നില്ല. ട്രാക്കില്‍ മെഡലുകള്‍ വാരിക്കൂട്ടുന്ന താരം കൂടിയാണ് മഞ്ജു. ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന പാരാലിംപിക് അത്‍ലറ്റിക് മീറ്റില്‍ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളില്‍ മഞ്ജു സ്വര്‍ണം നേടിയിരുന്നു. 2018ല്‍ രാജസ്ഥാനില്‍ നടന്ന ദേശീയ പാരാലിംപിക് അത്‍ലറ്റിക് മീറ്റിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്.

മോഡലിംഗ്

സാധാരണക്കാരെ മോഡലാക്കുന്ന പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജസീന കടവിലിന്‍റെ കാറ്റലിസ്റ്റ് സ്കോളേഴ്സിലൂടെയാണ് മഞ്ജു ആദ്യമായി മോഡലിംഗിലേക്ക് ചുവടു വയ്ക്കുന്നത്.

ധനേഷ് കൃഷ്ണ എന്ന സുഹൃത്ത് വഴിയാണ് ജസീനയുടെ ശ്രദ്ധയില്‍ പെടുന്നതെന്നും ശരിക്കും അതൊരു പുതിയ അനുഭവമായിരുന്നുവെന്ന് മഞ്ജു പറയുന്നു. ''ജസീന ചേച്ചി സ്വന്തം ചെലവിലാണ് ഓരോ മേക്കോവറുകളും നടത്തുന്നത്. എന്നോട് സംസാരിച്ചു, തുടക്കക്കാരിയായ എന്നെ കംഫര്‍ട്ടാക്കി, ഒരു സഹോദരിയെപ്പോലെ കെയര്‍ ചെയ്തു. തീര്‍ച്ചയായും എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ആ ഫോട്ടോഷൂട്ട്'' മഞ്ജു രാഘവ് പറഞ്ഞു.

കാറ്റലിസ്റ്റ് സ്കോളേഴ്സ ഫോട്ടോഷൂട്ടില്‍ മഞ്ജു

ഉയരക്കുറവിന്‍റെ പേരില്‍ കരഞ്ഞ രാത്രികള്‍

സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ കളിയാക്കുമായിരുന്നു. അവരുടെ കൂട്ടത്തില്‍ കൂടാന്‍ തന്നെ മടിയായിരുന്നു. ആ സമയത്ത് അച്ഛനായിരുന്നു എനിക്ക് ആശ്വാസമായത്. അച്ഛന്‍റെ പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഞാന്‍ എവിടെയും എത്തില്ലായിരുന്നു. ഒരു പരിപാടിക്ക് പോകുമ്പോള്‍ പത്താള് കൂടുന്നിടത്തു നിന്നെല്ലാം ഉള്‍വലിയുന്ന സ്വഭാവമായിരുന്നു എന്‍റേത്. പഠിക്കുന്ന സമയത്ത് ഒരു അഞ്ചാം ക്ലാസ് വരെ എനിക്കറിയില്ലായിരുന്നു ഞാന്‍ പൊക്കമില്ലാത്ത ഒരു കുട്ടിയാണെന്ന്. പിന്നെ ഏഴാം ക്ലാസിലെത്തിയപ്പോഴാണ് എന്‍റെ

ഉയരക്കുറവ് എല്ലാവരുടെയും സംസാര വിഷയമായപ്പോഴാണ് എനിക്കെന്തോ കുറവുണ്ടെന്ന് എനിക്ക് തന്നെ മനസിലാകുന്നത്. ഉയരക്കുറവിന്‍റെ പേരില്‍ കരഞ്ഞിട്ടുണ്ട്. അന്നൊക്കെ ഉയരക്കുറവ് ഒരു പ്രശ്നമായിട്ട് തന്നെയാണ് തോന്നിയത്. പക്ഷെ ഇപ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട്. ഈ ലോകം കാണാന്‍ സാധിക്കാത്ത കണ്ണുകളില്ലാത്തവരെക്കുറിച്ചും നടക്കാനാവാത്തവരെക്കുറിച്ചും ഓര്‍ത്തു. അതൊക്കെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നു.

TAGS :

Next Story