ഗംഗുഭായ് വിവാദം; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും മാനനഷ്ടക്കേസില്‍ നോട്ടീസ്
മേയ് 21ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
'ഗംഗുഭായ് കത്തിയാവാഡി' എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ നോട്ടീസ്. ക്രിമിനൽ മാനനഷ്ടക്കേസില്‍ മുംബൈ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 21ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
ഹുസൈൻ സെയ്ദിയുടെ പുസ്തകമായ 'മാഫിയ ക്യൂൻസ് ഓഫ് മുംബൈ'യെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി 'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രമൊരുക്കുന്നത്. കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.
ഗംഗുഭായ്യുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് ബന്‍സാലിയുടെ ചിത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഹുസൈൻ സെയ്ദിയുടെ പുസ്തകത്തിലെ ഗംഗുഭായ് കത്തിയാവാഡിയുടെ ഭാഗം മാതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി മാതാവിന്‍റെ പേര് കളങ്കപ്പെടുത്തുന്നുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. പരേതയായ മാതാവിന്‍റെ സ്വകാര്യത ലംഘിക്കുന്നതിനാല്‍ സിനിമ നിരോധിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
നേരത്തെ മുംബൈ സിവിൽ കോടതിയെ ഷാ സമീപിച്ചെങ്കിലും കോടതി ഹരജി നിരസിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പുസ്തകം 2011ല്‍ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളി. ഗംഗുഭായ്യുടെ വളർത്തുമകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഷാ യുടെ കൈവശമില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Adjust Story Font
16