Quantcast

'കുറുപ്പിനെ പിടിക്കുമോ കേരള പൊലീസ്?'; പുതിയ ടീസർ വീഡിയോ

36 വര്‍ഷങ്ങള്‍, 300ലധികം ടിപ് ഓഫ്സ്, 1000ത്തിലധികം യാത്രകള്‍ എന്ന ഇന്ദ്രജിത്തിന്‍റെ സംഭാഷണങ്ങളോടെയാണ് ടീസര്‍ തുടങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2021 1:09 PM GMT

കുറുപ്പിനെ പിടിക്കുമോ കേരള പൊലീസ്?; പുതിയ ടീസർ വീഡിയോ
X

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 36 വര്‍ഷങ്ങള്‍, 300ലധികം ടിപ് ഓഫ്സ്, 1000ത്തിലധികം യാത്രകള്‍ എന്ന ഇന്ദ്രജിത്തിന്‍റെ സംഭാഷണങ്ങളോടെയാണ് ടീസര്‍ തുടങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കുറുപ്പിന്‍റെ പേര് പറയുന്നതില്‍ അവസാനിക്കുന്ന ടീസര്‍ നിഗൂഢത നിറഞ്ഞതാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. മികച്ചൊരു തിയറ്റർ അനുഭവം ഒ.ടി.ടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടിയാണിത്.

ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്‍റർടെൻമെന്‍റ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിങെല്ലാം പൂർത്തിയായതാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി.ആർ.ഒ - ആതിര ദിൽജിത്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി.കെ, പോസ്റ്റർ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story