Quantcast

'ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം'; ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്

MediaOne Logo

Web Desk

  • Published:

    7 April 2021 12:40 PM GMT

ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം; ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു
X

ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്‍റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു.

കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ഇനി മുതൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

നേരത്തെ നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളെ തിരുത്തി ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ രംഗത്തുവന്നിരുന്നു. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്.

അതെ സമയം ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ പിരിച്ചു വിട്ട കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. സംവിധായകരായ ഹൻസൽ മേത്ത, അനുരാഗ് കശ്യപ്, വിശാൽ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടുമാണെന്ന് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.

ഹന്‍സല്‍ മെഹ്തയുടെ കുറിപ്പ്:

'ഹൈക്കോടതികള്‍ക്ക് സിനിമാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ സമയം കാണുമോ? എത്ര സിനിമാ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കും? എഫ്.സി.എ.ടി പിരിച്ചുവിട്ട നടപടി ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടുമാണ്. എന്തുകൊണ്ടാണ് ഈ നിർഭാഗ്യകരമായ സമയം? എന്തുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നത്?'

'ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം'; എന്നാണ് വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story