'ജോജി നമ്മള്‍ ഉദ്ദേശിച്ച ആളല്ല സര്‍' : റിവ്യൂ വായിക്കാം
തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനരീതിയുമാണ് ജോജിയില്‍ ദിലീഷ് പോത്തന്‍ പരീക്ഷിച്ചിരിക്കുന്നത്
''ഞാനും ശ്യാമും വിശ്വസിക്കുന്നത്, ഞങ്ങള്‍ രണ്ട് പേരും വര്‍ക്കിങ് ക്ലാസില്‍ നിന്നും വന്നിട്ടുള്ള രണ്ട് ഹീറോസാണെന്ന്... അത്രേയുള്ളൂ..''
തങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിക്ക് 'വര്‍ക്കിങ് ക്ലാസ് ഹീറോസ്' എന്ന് എന്തുകൊണ്ട് പേരിട്ടു എന്ന ചോദ്യത്തിന് സംവിധായകന്‍ ദിലീഷ് പോത്തന്‍ നല്‍കിയ മറുപടിയാണ് ഇത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' എന്ന സിനിമ, ഈ വര്‍ക്കിങ് ക്ലാസ് ഹീറോസ് മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ മറ്റൊരു കയ്യൊപ്പാണ്.
പത്തനംതിട്ട ജില്ലയിലെ എരുമേലിക്കടുത്ത് താമസിക്കുന്ന പനച്ചേല്‍ കുട്ടപ്പന്‍. അയാള്‍ക്ക് മൂന്ന് മക്കളാണുള്ളത്. ജോമോന്‍, ജെയ്സണ്‍, ജോജി. മക്കള്‍ക്കെല്ലാം അപ്പനെ അളവില്‍ കവിഞ്ഞ ബഹുമാനവും ഭയവും സ്നേഹവുമുണ്ട്. ആര്‍ക്കും അത്ര പെട്ടന്ന് മുഖം കൊടുക്കാത്ത കുട്ടപ്പന്‍ പനച്ചേല്‍ കുടുംബത്തിലെ ഏകാധിപതിയായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പ്രജകളും.
ജോമോന്‍റെ മകന്‍ പോപ്പി, ജെയ്സന്‍റെ ഭാര്യ ബിന്‍സി എന്നിവരാണ് പനച്ചേല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. കായികമായും മാനസികമായും വളരെയധികം ശക്തനായ കുട്ടപ്പന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യം കുടുംബത്തിന്‍റെ താളം തെറ്റിക്കുന്നു. ശേഷം ആ കുടുംബം കടന്നുപോകുന്ന വിചിത്രമായ വഴികള്‍ പനച്ചേല്‍ കുട്ടപ്പന്‍റെ ഇളയ മകനായ ജോജി എന്ന കഥാപാത്രത്തിലൂടെ പറയുന്ന സിനിമയാണ് ദീലീഷ് പോത്തന്‍ - ശ്യാം പുഷ്കരന്‍ കൂട്ടുകെട്ടില്‍ പിറന്ന 'ജോജി'.
നിമിഷനേരം കൊണ്ട് ഒരാളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അത്യാഗ്രഹത്തിന് കഴിയും. ഒരു കാര്യം നേടാനായി തുനിഞ്ഞിറങ്ങിയാല്‍, അതിന് വഴിമുടക്കുന്നതിനെയെല്ലാം ഇല്ലാതാക്കാന്‍ പോലും അത്യാഗ്രഹം നമ്മെ പ്രേരിപ്പിക്കും. മാക്ബെത്തില്‍ ഷേക്സ്പിയര്‍ പറയുന്ന ഈ 'യൂണിവേഴ്സല്‍ ഹ്യൂമണ്‍മൈന്‍റ് തിയറി'യില്‍ നിന്നും ഉടലെടുത്ത ആശയം എന്നതൊഴിച്ചാല്‍ ജോജി മാക്ബെത്തുമായി മറ്റൊരു സാമ്യവും പുലര്‍ത്തുന്നില്ല. മലയാള സിനിമയില്‍ ക്രൈം ഡ്രാമ ജോണറില്‍ കഥ പറഞ്ഞു പോകുന്ന ചിത്രങ്ങള്‍ കുറവാണെന്നിരിക്കെ, ജോജി പറയുന്ന കഥ മലയാളിക്ക് വളരെ 'ഫ്രഷ്' ഫീലാണ് നല്‍കുന്നത്.
കഥക്ക് അകത്തും പുറത്തും കോവിഡ് കാലം തന്നെയാണ് പശ്ചാത്തലം. അത് ടൈറ്റില്‍ കാര്‍ഡ് അവസാനിക്കും മുമ്പ് തന്നെ സംവിധായകന്‍ അടയാളപ്പെടുത്തുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോജി എന്ന കഥാപാത്രം ഒരു അന്തര്‍മുഖനാണ്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന അയാള്‍ പക്ഷെ വിജയിക്കാനായുള്ള ശ്രമങ്ങളും നടത്തുന്നില്ല. മടിയനായ, അപ്പനെ ആശ്രയിച്ച് ജീവിക്കുന്ന ജോജിയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയെ നയിക്കുന്നത്.
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനരീതിയുമാണ് ജോജിയില്‍ ദിലീഷ് പോത്തന്‍ പരീക്ഷിച്ചിരിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. അവരെ വളരെ ലളിതമായ ആക്ടിവിറ്റീസിലൂടെ ആദ്യ സീനുകളില്‍ തന്നെ സംവിധായകന്‍ പ്രേക്ഷകരുമായി കണക്ട് ചെയ്യിപ്പിക്കുന്നു. പനച്ചേല്‍ കുടുംബവുമായി പ്രേക്ഷകന്‍ അത്രത്തോളം ഇഴ ചേരാന്‍ കാരണവും അത് തന്നെയാണ്. മാസ്കിനെപ്പോലും കഥാപാത്രമാക്കുകയും എയര്‍ ഗണ്ണിലെ പെല്ലറ്റിനെക്കൊണ്ടു പോലും കഥ പറയിക്കുന്നതുമായ മികച്ച ആഖ്യാന രീതി. മഹേഷിലും തൊണ്ടിമുതലിലും പോലെ, സിനിമയിലുടനീളം ഇത്തരം പോത്തേട്ടന്‍സ് ബ്രില്യന്‍സുകള്‍ ജോജിയിലും പ്രകടമാണ്.
തിരക്കഥയാണ് ജോജിയുടെ ഏറ്റവും വലിയ അടിസ്ഥാനം. ഒരു സ്ഥലത്തുപോലും സിനിമയുടെ ഗ്രിപ്പ് കൈവിടാതെയുള്ള തിരക്കഥയും സംഭാഷണങ്ങളും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണ്. വെറുതെ കഥ പറഞ്ഞ് പോകുന്നതില്‍ നിന്നും വ്യത്യസ്തമായി, കഥ പറയുന്നതിലൂടെ പ്രേക്ഷകനെ ഒരുപാട് രീതിയില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരക്കഥകളാണ് ശ്യാം പുഷ്കരന്‍റേത്.
നാല് ആണുങ്ങളുള്ള ഒരു വീട്ടില്‍, ഗ്യാസ് സിലിണ്ടര്‍ ഒറ്റക്ക് ചുമന്ന് അടുക്കളയിലേക്ക് കയറ്റുന്ന ഷോട്ടിലൂടെയാണ് ഉണ്ണിമായ പ്രസാദിന്‍റെ ബിന്‍സിയെ ചിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ആ ഷോട്ട് പനച്ചേല്‍ കുടുംബത്തിന്‍റെ സോ കോള്‍ഡ് പാട്രിയാര്‍ക്കിയല്‍ ഇമേജ് ഒരു സ്ത്രീയുടെ വീക്ഷണത്തിലൂടെ പറഞ്ഞുവെക്കുന്നു. കഥാപാത്രങ്ങളെ കൂടുതല്‍ ശക്തരാക്കുന്നതിനായി വളരെ ഡെപ്ത്തുള്ള ബാക്ക് സ്റ്റോറികള്‍ ഓരോ കഥാപാത്രത്തിനും കൊടുത്തുകൊണ്ട് പ്രേക്ഷകനെ അവരിലേക്ക് അടുപ്പിക്കുന്നതില്‍ ശ്യാം പുഷ്കരന്‍ എന്ന വിഷ്വല്‍ സ്റ്റോറി റൈറ്റര്‍ വലിയ രീതിയില്‍ വിജയിച്ചു എന്ന് പറയാം. ജോജിയിലെ കഥാപാത്രങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ടവര്‍ തന്നെയാണ്.
ഫഹദ് ഫാസിലിന്‍റെ ജോജി. ബാബുരാജിന്‍റെ ജോമോന്‍, ഉണ്ണിമായ പ്രസാദിന്‍റെ ബിന്‍സി, ജോജി മുണ്ടക്കയത്തിന്‍റെ ജെയ്സണ്‍ തുടങ്ങി ചിത്രത്തിലുള്ള വളരെ ചെറിയ കഥാപാത്രമായ ഗീരീഷ് പോലും മനോഹര പ്രകടനം കൊണ്ട് ഞെട്ടിച്ച 140 മിനിറ്റുകള്‍ കൂടിയാണ് ജോജി. എന്തിനേറെ പറയുന്നു, ഇന്ന് നമുക്ക് ഒഴിച്ചുകൂടാനാകാത്ത മാസ്കിനെപ്പോലും ജോജിയില്‍ സംവിധായകന്‍ കഥാപാത്രമാക്കുന്നു.
ക്യാമറ മൂവ്മെന്‍റുകള്‍ കുറവായതുകൊണ്ടുതന്നെ, അതിന് അനുയോജ്യമായ രീതിയില്‍ ഓരോ കഥാപാത്രങ്ങളും ചിത്രത്തില്‍ പെരുമാറിയിരിക്കുന്നു. ഷൈജു ഖാലിദിന്‍റെ അതിതീവ്രമായ ഫ്രെയിമുകള്‍ ജോജി എന്ന ചിത്രത്തിന്‍റെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നായി. സിനിമ കഴിഞ്ഞാലും പ്രേക്ഷകനെ പിടിവിടാതെ പിന്തുടരുന്ന ജോജിയുടെ ബാക്ഗ്രൌണ്ട് സ്കോര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതാണ്.
കോവിഡ് കാലമായതുകൊണ്ടുതന്നെ ഇത്രയും കാലം കണ്ടുപോന്നിരുന്ന ചിത്രീകരണ രീതികളില്‍ നിന്നു മാറി ഒരുപാട് പരിമിതികളില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച ചിത്രമാണ് ജോജി. പക്ഷെ, ആ പരിമിതികളെ സാധ്യതകളാക്കി മാറ്റി ജോജി കഥ പറയുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ കൂട്ടത്തില്‍ ഈ 'പോത്തേട്ടന്‍ ബ്രില്യന്‍സ്' ഇടം പിടിക്കുന്നു. മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് കെ.ജി ജോര്‍ജിന്‍റെ ഇരകളിലെ ബേബിയുടെ പല ഷെയിഡുകളും പറ്റി ജോജി നമുക്ക് മുന്നില്‍ ജീവിക്കുമ്പോള്‍, മലയാള സിനിമക്ക് അഭിമാനിക്കാന്‍ മറ്റൊരു പാന്‍ സിനിമ കൂടി ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
Adjust Story Font
16