'ദൈവമേ, മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നല്ലോ'; അനുഭവം പങ്കുവച്ച് മഞ്ജു വാര്യർ
"എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണിൽ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു"
മമ്മൂട്ടിക്കു മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത അനുഭവം പങ്കുവച്ച് നടി മഞ്ജു വാര്യർ. പ്രീസ്റ്റ് സിനിമയുടെ സെറ്റിൽ വച്ചാണ് ഫോട്ടോ ഷൂട്ട് എന്നും നല്ല ഭംഗിയുള്ള ചിത്രങ്ങളായിരുന്നു അതെന്നും മഞ്ജു പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ മമ്മൂക്കയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിങ് സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരിൽ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാൻ പറഞ്ഞതാണ്. മുമ്പ് മമ്മൂക്ക ഫോട്ടോ എടുക്കുന്ന വാർത്തയൊക്കെ കണ്ടിട്ടേയുള്ളൂ. ഇത് കേട്ടപ്പോൾ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി' - അവർ പറഞ്ഞു.
'എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണിൽ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു. ഫോട്ടോഗ്രാഫർമാകർക്ക് മാത്രം അറിയുന്ന മർമ്മമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു' - മഞ്ജു കൂട്ടിച്ചേർത്തു.
Adjust Story Font
16