ആഗോളതലത്തിൽ 300 കോടിയോടടുത്ത് വിജയ്‍യുടെ വാരിസ്
ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് വാരിസ് നേടിയത് 194 കോടി രൂപയാണ്
ചെന്നൈ: വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് വാരിസ്. പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ ഇതിനകം 300 കോടിക്കടുത്ത് കളക്ഷനാണ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് വാരിസ് ഇതുവരെ നേടിയത് 194 കോടി രൂപയാണ്. 103 കോടി രൂപയാണ് വിദേശത്ത് നിന്നും ചിത്രം നേടിയത്.
അജിത്ത് നായകനായ തുനിവിനോട് മത്സരിച്ചാണ് വാരിസ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് വിജയ്‍യുടെയും അജിത്തിന്‍റെയും ചിത്രം ഒന്നിച്ച് തിയേറ്ററുകളിൽ എത്തുന്നത്. വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛനായി എത്തുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയാണ്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ് നിര്‍വ്വഹിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
അതേ സമയം 'ദളപതി 67' പ്രഖ്യാപിച്ചു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുക. സംവിധായകനൊപ്പം, രത്‌ന കുമാർ, ധീരജ് വൈദി എന്നിവർ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാവുന്നുണ്ട്. 7 സ്‌ക്രീൻ സ്റ്റുഡിയോ ചിത്രം നിർമിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.
അതേസമയം, വാരിസിലെ 'സോള്‍ ഓഫ് വാരിസ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയാണ്. എസ് തമന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 101 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. പിന്നീട് തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനവും പുറത്തിറങ്ങി. ചിമ്പു അഭിനയിക്കുന്ന ഗാനരംഗം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിജയ്‍യുടെ സ്റ്റൈലിഷ് പോസുകളും ഗാനത്തിന്‍റെ പ്രത്യേകതയാണ്. സംഗീത സംവിധായകന്‍ എസ്. തമനും സംവിധായകന്‍ വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്.
Adjust Story Font
16