Quantcast

വീണ്ടും ഒരു ത്രീഡി ചിത്രം; ഇന്നുമുതല്‍ ബറോസിനൊപ്പം കാണാം മാത്യു തോമസിന്റെ 'ലൗലി'യുടെ ത്രീഡി ട്രെയിലര്‍

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്

MediaOne Logo

Web Desk

  • Published:

    25 Dec 2024 8:53 AM GMT

Louli Movie, 3D trailer,ബറോസ്,ലൗലി
X

കൊച്ചി: മോഹന്‍ലാലിന്റെ ബറോസ് കാണാൻ പോകുന്നവർക്ക് ഇരട്ടിമധുരവുമായി മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ലൗലി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍. ഇന്നുമുതലാണ് ബറോസിനൊപ്പം 'ലൗലി'യുടെ ട്രെയിലറും ത്രീഡി ദൃശ്യമികവോടെ തീയറ്ററുകളില്‍ കാണാനാവുക. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ ട്രെയിലര്‍ കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈർഘ്യമുണ്ടെന്നും, സിനിമയുടെ ഷൂട്ടിംഗിനായി 51 ദിവസമേ എടുത്തുള്ളൂവെങ്കിലും 400 ദിവസത്തിലേറെയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണ് എന്നും സംവിധായകന്‍ ദിലീഷ് കരുണാകരന്‍ അറിയിച്ചു. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്.

TAGS :

Next Story