മൊത്തം കലക്ഷൻ 511 കോടി; 'പഠാൻ' ഇന്ത്യയിൽ നമ്പർ വൺ ഹിന്ദി സിനിമ
പഠാൻ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്നാണ് തരൺ ആദർശ് സൂചിപ്പിക്കുന്നത്
Pathan
മുംബൈ: ഷാരൂഖ് ഖാന്റെ 'പഠാൻ' കലക്ഷനിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ഹിന്ദി സിനിമ. ബാഹുബലി: ദി കൺക്ലൂഷൻ, കെജിഎഫ്: ചാപ്റ്റർ 2, ആമിർ ഖാന്റെ ദംഗൽ തുടങ്ങിയ സിനിമകളുടെ ഹിന്ദി പതിപ്പ് പഠാന് പിറകിലായി. ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഷാരൂഖിന് പുറമേ ദീപിക പദുക്കോണും ജോൺ എബ്രഹാമും അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ ആറാം വെള്ളിയാഴ്ച 1.05 കോടി നേടി. ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ 511.70 കോടിയായി.
എക്കാലത്തെയും വലിയ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായ പഠാൻ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്നാണ് തരൺ ആദർശ് സൂചിപ്പിക്കുന്നത്. പഠാന്റെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ ഇന്ത്യയിലെ വരുമാനവും തരൺ ആദർശ് പുറത്തുവിട്ടു. 18.26 കോടിയാണെന്നാണ് അദ്ദേഹം അറിയിച്ചത്. ചിത്രത്തിന്റെ നെറ്റ് ബോക്സ് ഓഫീസ് കലക്ഷൻ 529.96 കോടി രൂപയാണ്. നാല് വർഷത്തിനിടെ വന്ന ഷാരൂഖ് ഖാന്റെ ആദ്യ നായക ചിത്രമാണ് പഠാൻ.
ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കലക്ഷൻ പഠാൻ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാൻ പിന്നിലാക്കിയത്. സിദ്ധാർഥ് ആനന്ദാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസാണ് നിർമാണം. 2018-ൽ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് അവസാനമായി നായക വേഷത്തിലെത്തിയത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനും രാജ്കുമാർ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
511 crores total collection; 'Pathan' is the number one Hindi movie in India
Adjust Story Font
16