രണ്ട് ഓസ്‌കറുമായി റഹ്‌മാൻ, ഏറ്റവും കൂടുതൽ എൻട്രി ലഭിച്ച് കമൽഹാസൻ; ഒസ്‌കറിൽ ഇതുവരെ ഇന്ത്യ
വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാർഡ് നൽകുന്ന പതിവ് തുടങ്ങുന്നത് 1956-ലാണ്. 1957 മുതൽ ഇന്ത്യ എൻട്രികൾ അയക്കുന്നുണ്ട്
ഒസ്‌കറിൽ ഇന്ത്യ
95- മത് ഓസ്‌കർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഒർജിനൽ സോങ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന പാട്ടിലാണ് ഇന്ത്യയുടെ ഇപ്രാവശ്യത്തെ പ്രതീക്ഷ ഒപ്പം ഷൗനക് സെന്നിന്റെയും അമൻ മന്നിന്റെയും ഓൾ ദാറ്റ് ബ്രീത്ത്‌സ് (2022) മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള മത്സരത്തിലുണ്ട്, കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരുടെ എലിഫന്റ് വിസ്പറേഴ്സ് (2022) മികച്ച ഡോക്യുമെന്ററിയിൽ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
അഞ്ച് ഇന്ത്യക്കാർക്കാണ് ഇതുവരെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഭാനു അതയ്യയ, സത്യജിത് റാ, റസൂൽ പൂക്കുട്ടി, എ.ആർ. റഹ്‌മാൻ ഗുൽസാർ (ഗാനം) എന്നിവരാണ് അവാർഡ് നേടിയത്. രണ്ട് ഓസ്‌കർ നേടിയ ഏക ഇന്ത്യക്കാരനാണ് എ.ആർ. റഹ്‌മാൻ. ഏറ്റവുംകൂടുതൽ തവണ ഓസ്‌കർ എൻട്രി ലഭിച്ച ഇന്ത്യൻ നടൻ കമൽഹാസനാണ്. ഏഴ് കമൽചിത്രങ്ങൾ ഓസ്‌കറിനായി മത്സരിച്ചു.
വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാർഡ് നൽകുന്ന പതിവ് തുടങ്ങുന്നത് 1956-ലാണ്. 1957 മുതൽ ഇന്ത്യ എൻട്രികൾ അയക്കുന്നുണ്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് ചിത്രങ്ങൾ തിരഞ്ഞെടുത്ത് അയക്കുന്നതിന്റെ ചുമതല.
1958
മെഹബൂബ് ഖാന്റെ മദർ ഇന്ത്യ (1958) യാണ് ഓസ്‌കറിലെ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക എൻട്രി. 30-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ ഓണററി പരാമർശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു മെഹബൂബ് ഖാന്റെ മദർ ഇന്ത്യ (1957). ഇന്ത്യയിലും വിദേശത്തും ഇത് നിരൂപക പ്രശംസ നേടുകയും വാണിജ്യവിജയവുമായി. കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇന്ത്യൻ സ്ത്രീകളുടെ പ്രതിരോധത്തിന്റെയും ശക്തിയും പ്രമേയമായി വന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നർഗീസ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
മെഹബൂബ് ഖാന്റെ മദർ ഇന്ത്യ 1958-ൽ ഓസ്‌കറിലെ വിദേശഭാഷാ വിഭാഗത്തിൽ അവസാന വട്ടത്തിലെത്തി. ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കാബിരിയയോട് ഒരൊറ്റ വോട്ടിനാണ് ചിത്രം പിന്തള്ളപ്പെട്ടുപോയത്.
1961
1961 ൽ 33-ാമത് ഓസ്‌കാറിൽ ഇസ്മായിൽ മർച്ചന്റെ 13 മിനിറ്റ് ദൈർഖ്യമുള്ള ഹ്രസ്വചിത്രം ദി ക്രിയേഷൻ ഓഫ് വുമൺ (1961), നാമ നിർദേശം ചെയ്യപ്പെട്ടു. പക്ഷേ ഫലമുണ്ടായില്ല,
1969
ഫാലി ബിലിമോറിയയുടെ ദി ഹൌസ് ദാറ്റ് ആനന്ദ ബിൽറ്റ് എന്ന ഹ്രസ്വ ഡോക്യുമെന്ററി 41-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.
1978
50-ാമത് അക്കാദമി അവാർഡിൽ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇഷു പട്ടേലിന്റെ ബീഡ് ഗെയിം (1977) നാമനിർദ്ദേശം ചെയ്യപ്പെട്ടു,
1979
കെ. കപിലിന്റെ നിർമാണത്തിൽ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 18 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ആൻ എൻകൗണ്ടർ വിത്ത് ഫേസസ മികച്ച ദൃശ്യങ്ങൾക്കും ഛായാഗ്രഹണത്തിനും, നാമനിർദേശം ചെയ്യപ്പെട്ടു. ഓസ്‌കാർ നേടിയില്ലെങ്കിലും, 1980-ൽ ടാംപെരെ ഫിലിം ഫെസ്റ്റിവലിൽ ഗ്രാഡ് പ്രിക്‌സ് വിഭാഗത്തിൽ ഡോക്യുമെന്ററി വിജയിച്ചു.
1983
55-ാമത് ഓസ്‌കാറിൽ, റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി (1982) എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിന് അക്കാദമി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരിയായി ഭാനു അത്തയ്യ മാറി, ജോൺ മോളോയുമായാണ് അവാർഡ് പങ്കിട്ടത്.. 'ഇന്ത്യക്കും ഇന്ത്യയിലെ സ്ത്രീകൾക്കും ഇത് വലിയ നിമിഷമാണെന്നും പറഞ്ഞ് പുരസ്‌കാരം അവർ രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച സിത്താർ മാസ്റ്റർ പണ്ഡിറ്റ് രവിശങ്കറും ചിത്രത്തിന് സംഗീതം നൽകിയ ഇംഗ്ലീഷ് സംഗീതസംവിധായകൻ ജോർജ് ഫെന്റണും മികച്ച ഒറിജിനൽ സ്‌കോറിനായി നോമിനേറ്റ് ചെയ്യപ്പെട്ടു.
1987
ജെയിംസ് ഐവറി സംവിധാനം ചെയ്ത ബ്രിട്ടീഷ് റൊമാന്റിക് ചിത്രമായ എ റൂം വിത്ത് എ വ്യൂ ആയിരുന്നു ഇന്ത്യൻ നിർമാതാവായ ഇസ്മായിൽ മർച്ചന്റിന്റെ ഓസ്‌കാർ അവാർഡിനുള്ള രണ്ടാമത്തെ നോമിനേഷൻ. 59-ാമത് അക്കാദമി അവാർഡിൽ, മികച്ച ചിത്രമടക്കം എട്ട് നോമിനേഷനുകൾ ഈ ചിത്രത്തിന് ലഭിച്ചു, കൂടാതെ മികച്ച അവലംബിത തിരക്കഥ, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെ മൂന്ന് അവാർഡുകൾ നേടി.
1989
മീരാ നായരുടെ സലാം ബോംബെ 61-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഓസ്‌കാർ നേടിയില്ലെങ്കിലും, കാൻ ഫിലിം ഫെസ്റ്റിവലിലെ ക്യാമറ ഡി ഓർ, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ ഓഡിയൻസ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സലാം ബോംബെ നേടി. മുംബൈയിലെ ചേരികളിലെ തെരുവുകുട്ടികളുടെ ജീവിതത്തിലേക്കും അവർ ദിനംപ്രതി നേരിടുന്ന വെല്ലുവിളികളിലേക്കും ഒരു നേർക്കാഴ്ചയായിരുന്നു ചിത്രം പറഞ്ഞത്.
1992
64-ാമത് അക്കാദമി അവാർഡിൽ സത്യജിത് റായ്ക്ക് ഓസ്‌കർ ബഹുമാന പുരസ്‌കാരം (ഓണററി ഓസ്‌കർ) സമ്മാനിച്ചു. ഈ അവാർഡ് നേടുന്ന ആദ്യത്തെയും ഏക ഇന്ത്യക്കാരനുമാണ് സത്യജിത് റാ.'ചലച്ചിത്രകലയിലെ അദ്ദേഹത്തിന്റെ അപൂർവ വൈദഗ്ധ്യത്തിനും ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കളിലും പ്രേക്ഷകരിലും മായാത്ത സ്വാധീനം ചെലുത്തിയനുമുള്ള അംഗീകാരമായിരുന്നു ഈ അവാർഡ്.
1993
ഇന്ത്യൻ നിർമാതാവ് ഇസ്മായിൽ മർച്ചന്റിന്റെ ഹോവാർഡ്‌സ് എൻഡ നാമനിർദേശം ചെയ്യപ്പെട്ടു. മർച്ചന്റിന്റെ ചിത്രങ്ങളിൽ മൂന്നാമത്തെ നോമിനേഷൻ ആയിരുന്നു ഇത്,
1994
ഈ വർഷം ഇസ്മായിൽ മർച്ചന്റിന്റെ ദി റിമെയിൻസ് ഓഫ് ദി ഡേ 66-ാമത് ഓസ്‌കാറിൽ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഓസ്‌കാർ വീണ്ടും നേടിയില്ലെങ്കിലും, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ദി റെമെയ്ൻസ് ഓഫ് ദ ഡേയെ 20-ാം നൂറ്റാണ്ടിലെ 64-മത്തെ മികച്ച ബ്രിട്ടീഷ് ചിത്രമായി തിരഞ്ഞെടുത്തു.
2002
അശുതോഷ് ഗോവാരിക്കറുടെ ഹിന്ദി ചിത്രം ലഗാൻ 74-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഓസ്‌കാർ നേടിയില്ലെങ്കിലും, എട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, എട്ട് സ്‌ക്രീൻ അവാർഡുകൾ, 10 ഐഐഎഫ്എ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവർഡുകൾ ചിത്രം നേടി
2005
അശ്വിൻ കുമാറിന്റെ ഹ്രസ്വചിത്രം ലിറ്റിൽ ടെററിസ്റ്റ് 77-ാമത് അക്കാദമി അവാർഡിൽ മികച്ച ഹ്രസ്വ ചിത്രത്തിൽ (ലൈവ് ആക്ഷൻ) നാമനിർദ്ദേശം ചെയ്യപ്പെട്ടു. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവാവ് തീവ്രവാദിയായി തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓസ്‌കാർ നഷ്ടമായെങ്കിലും, ലിറ്റിൽ ടെററിസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടി.
2009
81-ാമത് അക്കാദമി അവർഡാണ് ഇന്ത്യക്ക് തിളക്കം സമ്മാനിച്ചത്. ഡാനി ബോയലിന്റെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തലൂടെയായിരുന്നു ഇന്ത്യയുടെ നേട്ടം. ചിത്രത്തിൽ മികച്ച ഒറിജിനൽ സ്‌കോറും മികച്ച ഒറിജിനൽ ഗാനത്തിനും എ.ആർ റഹ്‌മാൻ ഓസ്‌കർ നേടി. ഇന്ത്യൻ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും ഗുൽസാറും (ഗാനം) പുരസ്‌കാരം ഇന്ത്യയിലെത്തിച്ചു. രണ്ട് ഓസ്‌കർ നേടിയ ഏക ഇന്ത്യക്കാരനാണ് എ.ആർ. റഹ്‌മാൻ.
2011
ഡാനി ബോയൽ സംവിധാനം ചെയ്ത127 അവേഴ്സിനായി മികച്ച ഒറിജിനൽ സ്‌കോറിനും മികച്ച ഒറിജിനൽ സോങ്ങിനുമുള്ള 83-ാമത് ഓസ്‌കാർ അവാർഡിൽ റഹ്‌മാന് രണ്ട് നോമിനേഷനുകൾ കൂടി ലഭിച്ചിരുന്നു പക്ഷേ രണ്ട് വിഭാഗങ്ങളിലും പരാജയപ്പെട്ടു.
2013
ആംഗ് ലീയുടെ ലൈഫ് ഓഫ് പൈയ്ക്ക് ഇന്ത്യൻ കർണാടക ഗായകൻ ബോംബെ ജയശ്രീ രാംനാഥിന്റെ വരികൾക്ക് 85-ാമത് അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനമായി നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.
2022
94-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചറിൽ റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററി ഫിലിം മേക്കർമാരായ സുഷ്മിത് ഘോഷും റിന്റു തോമസും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദലിത് സ്ത്രീകളുടെ നേതൃത്വത്തിൽ ഖബർ ലഹരി എന്ന പത്രം നടത്തുന്ന പത്രപ്രവർത്തകരുടെ കഥയാണ് റൈറ്റിംഗ് വിത്ത് ഫയർ പറയുന്നത്.
2023
ഷൗനക് സെന്നിന്റെയും അമൻ മാന്റെയും ഓൾ ദാറ്റ് ബ്രീത്ത്‌സ് (2022) ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി ഫീച്ചറായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരുടെ എലിഫന്റ് വിസ്പറേഴ്സ് (2022) മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സംഗീതസംവിധായകൻ എംഎം കീരവാണിയും തെലുങ്ക് ഗാനരചയിതാവ് ചന്ദ്രബോസും എസ്എസ് രാജമൗലിയുടെ ഇതിഹാസ ആക്ഷൻ ഡ്രാമയായ RRR-ൽ നിന്നുള്ള നാട്ടു നാട്ടുവിലെ മികച്ച ഒറിജിനൽ ഗാനമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
Adjust Story Font
16