'തമിഴണങ്ക്'; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആർ റഹ്‌മാൻ
ആയിരങ്ങളാണ് റഹ്‌മാന്‍റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്
ചെന്നൈ: സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കിടെ, വിഖ്യാത സംഗീതജ്ഞൻ എആർ റഹ്‌മാൻ പങ്കുവച്ച പോസ്റ്റർ ചർച്ചയാകുന്നു. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തിൽ നിന്നുള്ള, തമിഴ് ദേവതയെന്ന് അർത്ഥം വരുന്ന തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റര്‍ സഹിതം റഹ്‌മാൻ പങ്കുവച്ചത്. മനോന്മണിയം സുന്ദരൻ പിള്ള എഴുതി, എംഎസ് വിശ്വനാഥൻ സംഗീത സംവിധാനം ചെയ്തതാണ് തമിഴ് ദേശീയ ഗാനം.
കവി ഭാരതീദാസൻ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലെ 'പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്' എന്ന വാക്കും റഹ്‌മാൻ പങ്കുവച്ച പോസ്റ്ററിലുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇദ്ദേഹം പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ആയിരങ്ങളാണ് റഹ്‌മാന്‍റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്.
പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായി. സംസ്ഥാനങ്ങൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ ഇന്ത്യയുടെ ഭാഷ(ഹിന്ദി)യായിരിക്കണം ഉപയോഗിക്കേണ്ടത്- എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
മറുപടിയുമായി സ്റ്റാലിൻ
പ്രസ്താവനയ്‌ക്കെതിരെ നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അഖണ്ഡതയെ മുറിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും നേരത്തെ ചെയ്ത തെറ്റ് ബിജെപി ആവർത്തിക്കില്ലെന്നാണ് കരുതുന്നതെന്നും സ്റ്റാലിൻ പ്രതികരിച്ചു.
'ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ അഖണ്ഡതയ്ക്ക് മുറിവേൽപ്പിക്കും. രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് ബിജെപി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ അമിത് ഷായ്ക്ക് വേണ്ടത്, ബാക്കിയുള്ള സംസ്ഥാനങ്ങളെ ആവശ്യമില്ലേ?' - സ്റ്റാലിൻ ചോദിച്ചു.
'ഒറ്റ ഭാഷ ഐക്യം കൊണ്ടുവരില്ല. ഏകത്വം ഐക്യത്തെ ഉണ്ടാക്കില്ല. ബിജെപി അതേ തെറ്റ് ആവർത്തിക്കുകയാണ്. നിങ്ങൾക്കിതിൽ വിജയിക്കാനാകില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാലിന്റെ സഹോദരിയും ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയുമായ കനിമൊഴിയും അമിത് ഷാക്കെതിരെ രംഗത്തെത്തി. ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ വിഭജിക്കാനേ സഹായിക്കൂ എന്നായിരുന്നു അവരുടെ പ്രസ്താവന. ഹിന്ദി വിരുദ്ധ സമരത്തിൽ നിന്ന കേന്ദ്രമന്ത്രിമാർ ചരിത്രം പഠിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Adjust Story Font
16