എന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് എ.എ റഹീം; നല്ല അഭിനേതാവായിരുന്നു-നോബി മാര്‍ക്കോസ്
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് റഹീമിന്‍റെ നാടകങ്ങളെല്ലാം വൈറലായിരുന്നുവെന്നും നോബി വെളിപ്പെടുത്തി
നോബി മാര്‍കോസ്, എ.എ റഹീം
കോഴിക്കോട്: തന്നെ അഭിനയം പഠിപ്പിച്ചത് സി.പി.എം നേതാവും രാജ്യസഭാ അംഗവുമായ എ.എ റഹീം ആണെന്ന് നടന്‍ നോബി മാര്‍ക്കോസ്. മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് റഹീമിന്‍റെ നാടകങ്ങള്‍ വൈറലായിരുന്നുവെന്നും താരം പറഞ്ഞു. ഒരു ടെലിവിഷന്‍ ഷോയിലാണ് നോബി ഇക്കാര്യം വെളിപ്പെടുത്തിയത്.
''എന്നെ ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചത് എ.എ റഹീമാണ്. മോണോ ആക്ടും മിമിക്രിയുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ അയല്‍ക്കാരാണ്. റഹീം പാര്‍ട്ടിയില്‍ വരുന്നതിനു മുന്‍പാണിതെല്ലാം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. ആ സമയത്ത് റഹീം ഭയങ്കര അഭിനയമായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളെല്ലാം വൈറലായിരുന്നു.''-നോബി പറഞ്ഞു.
എപ്പോള്‍ കാണുമ്പോഴും റഹീമിന്റെ ഡ്യൂപ്പാണെന്നു പറഞ്ഞ് നോബി തന്നെ പരിചയപ്പെടുത്താറുണ്ടെന്ന് മിമിക്രി താരം അഖില്‍ കവലയൂരും പരിപാടിയില്‍ പറഞ്ഞു. അതു പറഞ്ഞ് പലരും കമന്റ് ചെയ്യാറുമുണ്ട്. റഹീമിനോട് നേരിട്ടു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് നോബി. അദ്ദേഹത്തെ പോലെയുള്ള ഒരാളുണ്ടെന്നു പറഞ്ഞു പരിചയപ്പെടുത്താറുണ്ടായിരുന്നുവെന്നും അഖില്‍ പറഞ്ഞു.
സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയാണ് നോബി മാര്‍ക്കോസ് സിനിമയിലെത്തുന്നത്. 2013ല്‍ ഇറങ്ങിയ അനൂപ് മേനോന്‍ ചിത്രം 'ഹോട്ടല്‍ കാലിഫോര്‍ണിയ'യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആംഗ്രി ബേബീസ് ഇന്‍ ലവ്, പുലിമുരുകന്‍, കുട്ടനാടന്‍ മാര്‍പാപ്പ, മധുരരാജ, ഷീ ടാക്‌സി, മാല്‍ഗുഡി ഡേയ്‌സ്, നമസ്‌തേ ബാലി, ഗപ്പി, ബഷീറിന്റെ പ്രേമലേഖനം, ലൈക തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വിവിധ ട്രൂപ്പുകളില്‍ മിമിക്രി പരിപാടികള്‍ അവതരിപ്പിച്ചാണ് അഖില്‍ കവലയൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. 'ലാല്‍ ബഹദൂര്‍ ശാസ്ത്രി'യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കനേഡിയന്‍ ഡയറി, എസ്‌കേപ്പ്, തേര്, തെക്കന്‍ തല്ലുകേസ്, ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഏറെ ഹിറ്റായ 'പ്രീമിയര്‍ പത്മിനി'യിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Summary: ''AA Rahim taught me Mimicry and Monoact'': Says actor Noby Marcose
Adjust Story Font
16