'എനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്ന് അവര്‍ കരുതുന്നു, സങ്കടമുണ്ട്': ബഹിഷ്കരണാഹ്വാനത്തെ കുറിച്ച് ആമിര്‍ ഖാന്‍
ലാൽ സിങ് ഛദ്ദ കാണരുത് എന്ന് ഹാഷ്ടാഗ് ക്യാമ്പെയിന്‍ നടത്തുന്നവരോട് ആമിര്‍ ഖാന്‍ പറയുന്നു...
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽ സിങ് ഛദ്ദയിലൂടെ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തുകയാണ് ആമിര്‍ ഖാന്‍. അതിനിടെയാണ് ലാൽ സിങ് ഛദ്ദ കാണരുത്, ബഹിഷ്കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആമിര്‍ ഖാന്‍റെ ചില മുന്‍കാല സിനിമകളും സിനിമയിലെ നായികയായ കരീന കപൂറിന്‍റെ ചില പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണാഹ്വാനം. ഈ ഹാഷ്ടാഗ് ക്യാമ്പെയിന്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു.
"അതെ, എനിക്ക് സങ്കടമുണ്ട്. മാത്രമല്ല ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ബഹിഷ്കരണ ആഹ്വാനം നടത്തുന്ന ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക"- ആമിര്‍ പറഞ്ഞു.
'ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്‍റെ സിനിമ ബഹിഷ്കരിക്കണം', 'രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്', 'നിങ്ങളുടെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു, പിന്നെ എന്തിന് നിങ്ങളുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നു' എന്നിങ്ങനെയാണ് ആമിറിനെതിരായ വിദ്വേഷ പ്രചാരണം. ആമിര്‍ നേരത്തെ അഭിനയിച്ച പികെ എന്ന സിനിമയിലെ ചില രംഗങ്ങളും സത്യമേവ ജയതേ എന്ന പരിപാടിയില്‍ പറഞ്ഞ ചില പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം.
സിനിമയിലെ സ്വജന പക്ഷപാതത്തെ (നെപോട്ടിസം) കുറിച്ചുള്ള ചോദ്യത്തിന് 'സിനിമകള്‍ കാണണമെന്നില്ല, ആരും നിര്‍ബന്ധിക്കുന്നില്ല' എന്ന മറുപടി നല്‍കിയതാണ് കരീന കപൂറിനെതിരായ പ്രതിഷേധങ്ങള്‍ക്കുള്ള കാരണം.
അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദ ആഗസ്ത് 11ന് റിലീസ് ചെയ്യും. ടോം ഹാങ്ക്സിന്‍റെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണിത്. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രത്തിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു.
Adjust Story Font
16