Quantcast

സിനിമ വിടാന്‍ തീരുമാനിച്ചിരുന്നു, അറിഞ്ഞപ്പോള്‍ കിരണ്‍ കരഞ്ഞു: ആമിര്‍ ഖാന്‍

അഭിനയം നിര്‍ത്താനുള്ള തന്‍റെ ആഗ്രഹം പരസ്യമായി പറയാതിരുന്നത് ലാല്‍ സിങ് ഛദ്ദയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്ന് പേടിച്ചാണെന്ന് ആമിര്‍ ഖാന്‍

MediaOne Logo

Web Desk

  • Published:

    27 March 2022 7:20 AM GMT

സിനിമ വിടാന്‍ തീരുമാനിച്ചിരുന്നു, അറിഞ്ഞപ്പോള്‍ കിരണ്‍ കരഞ്ഞു: ആമിര്‍ ഖാന്‍
X

താന്‍ സിനിമാ മേഖല വിടാന്‍ തീരുമാനിച്ചിരുന്നുവെന്ന് നടന്‍ ആമിര്‍ ഖാന്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ മുന്‍ ഭാര്യ കിരണ്‍ റാവു കരഞ്ഞു. അഭിനയം നിര്‍ത്താനുള്ള തന്‍റെ ആഗ്രഹം പരസ്യമായി പറയാതിരുന്നത് ലാല്‍ സിങ് ഛദ്ദയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്ന് പേടിച്ചാണെന്നും ആമിര്‍ വെളിപ്പെടുത്തി. കോവിഡ് മഹാമാരിയുടെ കാലത്താണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്നും ആമിര്‍ പറഞ്ഞു.

കിരണ്‍ മാത്രമല്ല മക്കളും തന്‍റെ തീരുമാനം തെറ്റാണെന്ന് പറഞ്ഞെന്ന് ആമിര്‍ വിശദീകരിച്ചു. സിനിമയിലെ തിരക്കുകള്‍ മൂലം കുടുംബത്തെ താന്‍ മറന്നു പോയിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞതോടെയാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ആമിര്‍ പറഞ്ഞു. അഭിനയം മാത്രമല്ല സിനിമാ നിര്‍മാണം ഉള്‍പ്പെടെ നിര്‍ത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് ശരിയായ തീരുമാനമല്ലെന്നും സിനിമയും ജീവിതവും ഒരുമിച്ചു കൊണ്ടുപോവുകയാണ് വേണ്ടതെന്നും മക്കള്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ സമയം മൂന്നു മാസം കൊണ്ട് താന്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചെന്ന് മക്കള്‍ പറഞ്ഞതായും ആമിര്‍ തമാശയായി പറഞ്ഞു.

''എന്റെ കുട്ടികള്‍ക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അത് വലിയൊരു പ്രശ്‌നമാണ്. എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി. സിനിമയോടും ദേഷ്യം വന്നു. എനിക്കും എന്റെ കുടുംബത്തിനും ഇടയില്‍ ഈ അകല്‍ച്ചയുണ്ടാക്കിയത് സിനിമയാണെന്ന് ഞാന്‍ കരുതി. ഇതിനാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി സിനിമ ചെയ്യില്ലെന്ന് ഞാന്‍ കുടുംബത്തെ അറിയിച്ചു. അഭിനയിക്കുകയോ സിനിമ നിര്‍മിക്കുകയോ ഇല്ലെന്ന് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നെ തോന്നി ലാല്‍ സിങ് ഛദ്ദയുടെ പ്രൊമോഷനാണെന്ന് ആളുകള്‍ കരുതുമെന്ന്. അതോടെ ഇക്കാര്യം പരസ്യമാക്കേണ്ടെന്ന് കരുതി. മൂന്നോ നാലോ വര്‍ഷത്തിന് ശേഷമാണ് എന്‍റെ സിനിമ റിലീസ് ചെയ്യുന്നത്. ലാല്‍ സിങ് ഛദ്ദയ്ക്ക് ശേഷം അടുത്ത മൂന്ന് നാല് കൊല്ലത്തേക്ക് എന്റെ സിനിമയെക്കുറിച്ച് ആരും ചിന്തിക്കില്ല. അങ്ങനെ ആരുമറിയാതെ പിന്‍വലിയാമെന്ന് കരുതി''- ആമിര്‍ പറയുന്നു.

താന്‍ വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്ന് മക്കളും കിരണ്‍ റാവുവും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ആ ഘട്ടത്തില്‍ കിരണ്‍ ഒരുപാട് സഹായിച്ചു. സിനിമയോടുള്ള തന്‍റെ ഇഷ്ടം അവര്‍ക്കറിയാം. ഈ രണ്ടു വര്‍ഷത്തിനിടെ ഒരുപാടു കാര്യങ്ങള്‍ നടന്നു. താന്‍ സിനിമാ മേഖലയില്‍ നിന്ന് പിന്‍വലിഞ്ഞെന്നും അതിനു ശേഷം തിരിച്ചുവന്നെന്നും ആമിര്‍ പറഞ്ഞു.

ഈ വര്‍ഷം ആഗസ്തിലാണ് ലാല്‍ സിങ് ഛദ്ദ പുറത്തിറങ്ങുക. 2018ല്‍ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ഇതിനു മുന്‍പ് റിലീസ് ചെയ്ത ആമിറിന്‍റെ സിനിമ. ടോം ഹാങ്ക്‌സ് നായകനായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക.

TAGS :

Next Story