'വീട്ടുകാരിയെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ'; റിമയുടെ കാസ്റ്റിങില്‍ ആഷിഖ് അബു
സൗജന്യത്തിന്‍റെയോ എളുപ്പത്തിന്‍റെയോ പേരിലല്ല നീലവെളിച്ചത്തിലെ റിമയുടെ കാസ്റ്റിങ് എന്ന് ആഷിഖ് അബു
കൊച്ചി: വീട്ടിലെ ആളായതുകൊണ്ടല്ല റിമ കല്ലിങ്കലിനെ നീലവെളിച്ചത്തിലെ നായികാ വേഷത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ആഷിഖ് അബു. വീട്ടിലെ ആള്‍ക്കാരെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ. എന്‍റെ വീട്ടുക്കാരിയാവുന്നതിനും അഭിനേത്രിയാവുന്നതിനും മുമ്പ് റിമ അഭിനേത്രിയാണ്. എല്ലാവരെയും കാസ്റ്റ് ചെയ്യുന്നതിന് ഒരു കാരണമുണ്ട്. സൗജന്യത്തിന്‍റെയോ എളുപ്പത്തിന്‍റെയോ പേരിലല്ല റിമയുടെ കാസ്റ്റിങ്. പണിയറിയാവുന്ന ഒരാളാണ്. ഈ സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടാനുള്ള ശക്തമായ കാരണം റിമയിലുണ്ട് എന്നാണ് തന്‍റെ വിശ്വാസമെന്ന് ആഷിഖ് അബു പറഞ്ഞു. നീലവെളിച്ചം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആഷിഖ് റിമയുടെ കാസ്റ്റിങ് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.
സിനിമ ആലോചനയിലുള്ള സമയം തൊട്ട് നീലവെളിച്ചത്തിന്‍റെ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചത് പോസിറ്റീവ് ആയൊരു കാര്യമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. എന്നാല്‍ അക്കാര്യം ഈ ഒരു പ്രക്രിയയെ എളുപ്പമാക്കില്ലെന്നും അനുഭവിക്കുന്ന വേദന അനുഭവിച്ചിട്ട് തന്നെയേ അപ്പുറത്തെത്തൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓഡിയന്‍സുമായി കണക്ടാവണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാവാണെന്നും സിനിമ പരാജയപ്പെട്ടാല്‍ അത് വ്യക്തിപരമായി തന്നെ ബാധിക്കാറുണ്ടെന്നും റിമ പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായത്തെ വിലമതിക്കുന്നതായും അതില്‍ നിന്നും ഒരുപാട് ഊര്‍ജം എടുക്കുന്നയാളാണെന്നും റിമ മനസ്സുതുറന്നു.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ.വിന്‍സെന്‍റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചത്തിന്‍റെ പുനരാവിഷ്കാരം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്‍റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്.
Adjust Story Font
16