തെളിവ് നൽകിയാൽ നടപടി, സിനമാ മേഖലയിലെ ലഹരി ഉപയോഗം ഗൗരവകരമായി കാണുന്നു: സജി ചെറിയാന്‍
'സിനിമ സംഘടനകൾ നടൻമാർക്ക് ഏർപ്പെടുത്തിയ വിലക്കുമായി മുന്നോട്ടുപോകട്ടെ. സിനിമാ രംഗത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് വിളിക്കും'
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഗൗരവകരമായി കണുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. 'തെളിവ് നൽകിയാൽ പൊലീസ് പരിശോധിക്കും. സിനിമ സംഘടനകൾ നടൻമാർക്ക് ഏർപ്പെടുത്തിയ വിലക്കുമായി മുന്നോട്ടുപോകട്ടെ. സിനിമാ രംഗത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് വിളിക്കും'. മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനുമെതിരെ സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. താരസംഘടനയായ 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. നിർമാതാക്കൾക്ക് നിരന്തരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് നടപടിയെടുത്തതെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇരുവർക്കും എതിരെ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും സംഘടനകൾ അറിയിച്ചു.
ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാർ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണെന്നും ഫെഫ്ക പറഞ്ഞു. സോഫിയ പോൾ നിർമിച്ച ആർ.ഡി.എക്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഷെയിൻ നിഗം സിനിമയിൽ തനിക്ക് പ്രാധാന്യം കുറവാണെന്നും അതിനാൽ എഡിറ്റിങ് കാണണമെന്നും ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയിരുന്നു. അല്ലാത്തപക്ഷം സിനിമയുടെ ബാക്കി ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളർമാരോട് ഇരുവരും അപമര്യാദയായി പെരുമാറുന്നെന്നും അസഭ്യം പറയുന്നെന്നും ഷൂട്ടിങ് സെറ്റുകളിൽ കൃത്യ സമയത്ത് എത്തുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
നിലവിൽ ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വമില്ല. വെയിൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താത്ക്കാലികമായാണ് ഷെയിന് അമ്മയിൽ അംഗത്വം നൽകിയതെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു. നിർമാതാക്കളുടെ ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഇടവേള ബാബു പറഞ്ഞു. ഈ നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമാതാക്കൾ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും അമ്മക്ക് വേണ്ടി ഇടവേള ബാബു പറഞ്ഞു. നിരവധി പുതിയ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും സംഘടനകൾ അറിയിച്ചു.
Adjust Story Font
16