'ലക്ഷക്കണക്കിന് പേര്‍ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് അന്നാണ്'; നന്ദി അറിയിച്ച് നടന്‍ ബാല
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സമയത്ത് പ്രാര്‍ത്ഥനകളുമായി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ബാല. സുഖമായിരിക്കുന്നതായും തന്നെ സ്നേഹിക്കുന്ന ലക്ഷ കണക്കിനാളുകള്‍ ഇവിടെയുണ്ടെന്ന് അറിയുന്നത് നാല്‍പത് വയസ്സ് പൂര്‍ത്തിയായ മെയ് നാലിലെ ജന്മദിനത്തിലാണെന്നും ബാല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ബാല വീഡിയോ പങ്കുവെച്ചത്.
ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർഥിച്ചതായും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. ഉടനെ തന്നെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല കൂട്ടിച്ചേർത്തു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'ഷെഫീഖിന്‍റെ സന്തോഷം' എന്ന ചിത്രത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.
ബാലയുടെ വാക്കുകള്‍:
പേജില്‍ വന്ന് സംസാരിച്ചിട്ട് രണ്ട് മാസമായി. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കൊണ്ടും ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടും വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ടുപോവുന്നു. എല്ലാവരോടും നന്ദി പറയുന്നു.
ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്നേഹമാണ്. എന്നെ ഇത്രയും പേര് സ്നേഹിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് എന്‍റെ ജന്മദിനത്തിലാണ്(മെയ് നാലിന്). എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദൈവത്തിന്‍റെ അനുഗ്രഹം.
ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. മുസ്‍ലിം കുട്ടികള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍...എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. ജയിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.
Adjust Story Font
16