'ഓഡിഷനില്‍ തമിഴ് ഡയലോഗ് പറഞ്ഞപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ചു': കാര്‍ത്തിക് സുബ്ബരാജിന്‍റെ കട്ട ഫാനെന്ന് ജോജു ജോര്‍ജ്
'പിസ്സ കണ്ടതിനുശേഷം കാർത്തിക് സുബ്ബരാജിനെ കാണാൻ ശ്രമിച്ചു. പക്ഷേ അവസരം ലഭിച്ചില്ല'
കാർത്തിക് സുബ്ബരാജ് - ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുകയാണ്. ധനുഷിന് പുറമേ മലയാളത്തിൽ നിന്ന് ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഇവരെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജഗമേ തന്തിരത്തിൽ ശിവദോസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റർ റോളിലാണ് ജോജു ജോർജ് എത്തുന്നത്. കാർത്തിക് സുബ്ബരാജിന്റെ കടുത്ത ആരാധകൻ കൂടിയായ ജോജു ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അതീവ ആവേശത്തിലാണ്. നടൻ ജെയിംസ് കോസ്മോയ്‌ക്കൊപ്പം പ്രവർത്തിച്ചതിലുള്ള ആവേശവും നന്ദിയും ജോജു പ്രകടിപ്പിച്ചു.
"ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാൻ കാർത്തിക് സുബ്ബരാജിനെ കാണാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. എഡിറ്റര്‍മാരായ വിവേക് ഹർഷൻ, ദിമൽ ഡെന്നിസ് എന്നിവരിലൂടെയാണ് അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചത്. കാർത്തിക് എന്നോട് ഓഡിഷന് ആവശ്യപ്പെട്ടു. കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലെ ഡയലോഗുകൾ ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു"- എന്നാണ് കാര്‍ത്തിക് സുബ്ബരാജിനെ കുറിച്ച് ജോജു പറഞ്ഞത്.
ജെയിംസ് കോസ്മോയെക്കുറിച്ച് ജോജു പറഞ്ഞതിങ്ങനെ- "എന്‍റെ എതിരാളി (സിനിമയിൽ) ഒരു വലിയ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ സർ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. വ്യക്തിപരമായി ഞാൻ കണ്ട ആദ്യത്തെ ഹോളിവുഡ് താരം ജെയിംസ് കോസ്മോയ്‌ക്കൊപ്പം അഭിനയിക്കുന്നത് എനിക്ക് ഒരു വലിയ അവസരമായിരുന്നു".
ജൂൺ 1ന് പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ഇതിനോടകം തന്നെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ്. ജൂൺ 18ന് 190 രാജ്യങ്ങളിലായി നെറ്റ്ഫ്ളിക്സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും.
Adjust Story Font
16