Quantcast

'വേദന സഹിക്കാനാകാതെ അവൾ... ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ട് ഞാൻ നടന്നു'- കീർത്തി സുരേഷിന്റെ കുറിപ്പ്

കാൻസർ ബാധിച്ച് മരിച്ച സുഹൃത്ത് മനീഷയുടെ പിറന്നാൾ ദിനത്തിലാണ് കീർത്തിയുടെ പോസ്റ്റ്.

MediaOne Logo

Web Desk

  • Published:

    3 Aug 2024 4:03 PM GMT

വേദന സഹിക്കാനാകാതെ അവൾ... ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ട് ഞാൻ നടന്നു- കീർത്തി സുരേഷിന്റെ കുറിപ്പ്
X

ബാല്യകാല സുഹൃത്തിന്റെ വേർപാടിൽ വേദനാജനകമായ കുറിപ്പ് പങ്കുവെച്ച് നടി കീർത്തി സുരേഷ്. കാൻസർ ബാധിച്ച് മരിച്ച സുഹൃത്ത് മനീഷയുടെ പിറന്നാൾ ദിനത്തിലാണ് കീർത്തിയുടെ പോസ്റ്റ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ ബുദ്ധിമുട്ടേറിയതാണെന്നും അവൾ ഞങ്ങളെ ഇത്രവേഗം വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് കീർത്തി പറയുന്നത്. ഒരു മാസം മുൻപാണ് കീർത്തി സുരേഷിന്റെ സുഹൃത്ത് മനീഷ നായർ മരിച്ചത്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു മനീഷ.

'കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഞങ്ങളെ ഇത്രവേഗം വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല. ഇരുപത്തൊന്നാം വയസിലാണ് അവള്‍ക്ക് ഗുരുതരമായ ബ്രെയിന്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം അവസാന ശ്വാസം പോകുന്നതുവരെ എട്ട് വര്‍ഷമാണ് അവള്‍ അതിനോട് പോരാടിയത്. അത്രയും മനക്കരുത്ത് ഞാൻ ആരിലും കണ്ടിട്ടില്ല, കഴിഞ്ഞ നവംബറില്‍ മൂന്നാം ശസ്ത്രക്രിയയ്ക്ക് അവൾ വിധേയയാകുന്നതുവരെ'

'അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓർമയായിരുന്നു അത്. ഇനിയും വേദന താങ്ങാനാവില്ലെന്ന് അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ മുന്നില്‍ ഞാന്‍ എന്റെ വികാരങ്ങളടക്കി. എന്നാല്‍ ആ മുറിക്ക് പുറത്തിറങ്ങിയതിനു പിന്നാലെ കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ടാണ് നടന്നത്. അവള്‍ അബോധാവസ്ഥയിലായിരുന്നപ്പോള്‍ ഞാനവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അതിനെനിക്ക് ഉത്തരമില്ല'- കീർത്തി കുറിക്കുന്നു.

അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍, അവള്‍ അവസാന ശ്വാസംവരെ പോരാടി. കൃത്യം ഒരു മാസം മുമ്പ് അവള്‍ പോയി. നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോകില്ല മച്ചുട്ടാ. ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ഈ ഓര്‍മകള്‍ എന്നെന്നേക്കുമാണ്'- കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. കീർത്തിയുടെ പോസ്റ്റിന് താഴെ ആശ്വാസവാക്കുകളുമായി സഹതാരങ്ങളടക്കം നിരവധിപേരാണ് എത്തുന്നത്.

TAGS :

Next Story