'ആറാട്ടി'ന് കൂടെ വന്നതിൽ നന്ദി; എ.ആർ. റഹ്‌മാന് ജന്മദിനാശംസ നേർന്ന് മോഹൻലാൽ
മോഹൻലാലിന്റെ മാസ് മസാല ചിത്രമായ ആറാട്ടിൽ കാമിയോ റോളിൽ എആർ റഹ്‌മാൻ അഭിനയിച്ചിട്ടുണ്ട്
എ.ആർ. റഹ്‌മാന് ജന്മദിനാശംസ നേർന്നും തന്റെ പുതുചിത്രമായ 'ആറാട്ടി'ൽ സഹകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചും നടൻ മോഹൻലാൽ. ഇന്ത്യൻ സംഗീത സംവിധാന രംഗത്തെ ഇതിഹാസമായ റഹ്‌മാന് ജന്മദിനാശംസ അറിയിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു, നടി സിമ്രാൻ തുടങ്ങീ പ്രമുഖരടക്കം നിരവധി പേരെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് എആർ റഹ്‌മാനും രംഗത്തെത്തി. ഇന്ന് വൈകീട്ട് യൂട്യൂബ് ചാനലിൽ ആറ് മണിക്ക് ലൈവായി സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു. #AMAwithARR എന്ന ഹാഷ്ടാഗിലെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
മോഹൻലാലിന്റെ മാസ് മസാല ചിത്രമായ ആറാട്ടിൽ കാമിയോ റോളിൽ എആർ റഹ്‌മാൻ അഭിനയിച്ചിട്ടുണ്ട്. പൊതുവേ അഭിനയത്തിൽ വിമുഖത കാണിക്കുന്ന ഇദ്ദേഹത്തെ സമ്മതിപ്പിക്കാൻ ആറാട്ടിന്റെ പിന്നണിക്കാർ ഏറെ പണിപ്പെട്ടിരുന്നു. ബി. ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ആറാട്ട് ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നാണ് ചിത്രത്തിന്റെ ടീസറിൽ നിന്നുള്ള സൂചന.
മോഹൻലാൽ അവതരിപ്പിക്കുന്ന ഗോപൻ എന്ന കഥാപാത്രം നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ടെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വില്ലൻ എന്ന ചിത്രത്തിനു ശേഷമാണ് മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: ഷമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.
Actor Mohanlal wishes A.R. Rahman happy birthday and says that he is very happy to have collaborated on his new film 'Arattu'.
Adjust Story Font
16