റൊമാൻസ് മുതൽ സെന്റിമെന്റ്സ് വരെ; മലയാളത്തിന്‍റെ മുത്തശ്ശിക്ക് വിട
ഓമനത്തം തുളുമ്പുന്ന മുഖം തന്നെയാണ് സുബ്ബലക്ഷ്മി അമ്മാളിനെ മലയാളിയുടെ മനസ്സിൽ പിടിച്ചുനിർത്തുന്ന പ്രധാന ഘടകം
കൊച്ചി: മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു. 87 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമൻ, നന്ദനം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ഓമനത്തം തുളുമ്പുന്ന മുഖം തന്നെയാണ് സുബ്ബലക്ഷ്മി അമ്മാളിനെ മലയാളിയുടെ മനസ്സിൽ പിടിച്ചുനിർത്തുന്ന പ്രധാന ഘടകം. കല്യാണരാമനിലെ ആ റൊമാൻറിക് മുത്തശ്ശിയെ എങ്ങനെയാണ് മറക്കാനാവുക. ഗുരുവായൂരപ്പന്റെയും ബാലാമണിയുടെയും കഥ പറഞ്ഞ നന്ദനത്തിലൂടെയാണ് സുബ്ബലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തുന്നത്.
കലാപാരമ്പര്യം ഏറെ പറയാനുള്ള കുടുംബത്തിൽ നിന്നായിരുന്നു സുബ്ബലക്ഷ്മിയുടെ വരവ്. ബാല്യം മുതൽക്കേ കർണാട്ടിക് സംഗീതവും നൃത്തവും അഭ്യസിച്ചു. 27 വർഷക്കാലം ജവഹർ ബാലഭവനിൽ സംഗീതാധ്യാപികയായിരുന്നു. ആകാശവാണിയിലും ദീർഘനാൾ ജോലി ചെയ്തിട്ടുണ്ട്. വിശ്രമ ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. പിന്നീട് സുബ്ബലക്ഷ്മി മലയാളികളുടെ മൊത്തം മുത്തശ്ശിയായി മാറി.തമിഴ് സൂപ്പർതാരം വിജയ് നായകനായ 'ബീസ്റ്റ്' എന്ന തമിഴ് ചിത്രത്തിലാണ് സുബ്ബലക്ഷ്മി അവസാനമായി വേഷമിട്ടത്. നർത്തകിയും നടിയുമായ താരാ കല്യാൺ മകളാണ്.
Adjust Story Font
16