നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു; വധു ‘ന്നാ താൻ കേസ് കൊട്’ അസി.ഡയറക്ടര്‍
അസിസ്റ്റന്‍റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു
രാജേഷ് മാധവനും ദീപ്തിയും
നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. അസിസ്റ്റന്‍റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടമാര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ഇരുവരുടെയും പ്രണയ വിവാഹമാണ്.
കാസര്‍കോട്ടുകാരനായ രാജേഷ് ന്നാ താന്‍ കേസ് കൊട്, മിന്നല്‍ മുരളി,കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു.
ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രാജേഷ്, 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലൂടെ സംവിധായകന്‍റെ കുപ്പായം അണിയുകയാണ് രാജേഷ്. എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'എന്ന ചിത്രത്തില്‍ രാജേഷാണ് നായകന്‍.
Adjust Story Font
16