ഷമ്മി തിലകനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍
യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവും യോഗത്തില്‍ പങ്കെടുത്തു
കൊച്ചി: നടന്‍ ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍. പുറത്താക്കിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ ചർച്ച മൊബൈലിൽ ചിത്രീകരിച്ചതിനാണ് ഷമ്മിക്കെതിരെയുള്ള നടപടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജനറൽ ബോഡി യോഗത്തിൽ യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവും പങ്കെടുത്തു.
ഇന്നത്തെ യോഗത്തിൽ ഷമ്മി തിലകന്‍ എത്തിയിരുന്നില്ല. തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമ്മ സംഘടന ഗൂഢാലോചന നടത്തുന്നുവെന്ന് ഷമ്മി തിലകന്‍ നേരത്തെ ആരോപിച്ചിരുന്നു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു.
ആരോപണവിധേയനായ വിജയ് ബാബു 'അമ്മ'യിൽ തുടരുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് 'മാനിഷാദാ' എന്ന ശ്ലോകം തലക്കെട്ടാക്കിയാണ് ഷമ്മി തിലകൻ പങ്കുവച്ചത്.
( ഷമ്മി തിലകനെ അമ്മ പുറത്താക്കി എന്നായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്ത. സംഘടനയുടെ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം വാര്‍ത്ത എഡിറ്റ് ചെയ്തിട്ടുണ്ട് )
Adjust Story Font
16