Quantcast

'മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ആ സമരം': ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയിന്‍ നിഗം

'പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും പുത്തരിയല്ലാത്ത രാഷ്ട്രീയ പ്രബലനാണ് ബ്രിജ് ഭൂഷണ്‍'

MediaOne Logo

Web Desk

  • Updated:

    2023-05-31 13:35:37.0

Published:

31 May 2023 1:30 PM GMT

actor shane nigam extends support to wrestlers
X

ഷെയിന്‍ നിഗം

കൊച്ചി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയിന്‍ നിഗം. മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണെന്ന് ഷെയിന്‍ നിഗം കുറിച്ചു.

രാജ്യത്തിന്‍റെ അഭിമാന താരങ്ങളായവരെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദിച്ചും അറസ്റ്റ് ചെയ്തു നീക്കിയെന്ന് ഷെയിന്‍ നിഗം വിമര്‍ശിച്ചു. ആറ് തവണ പാർലമെന്‍റ് അംഗമായ ബ്രിജ്ഭൂഷണെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പെടെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ബ്രിജ് ഭൂഷണെതിരായ പരാതി. പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഗുസ്തി താരങ്ങള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഷെയിന്‍ നിഗം കുറിച്ചു. രാജ്യത്തിന്‍റെ അഭിമാന താരങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷെയിന്‍ നിഗത്തിന്‍റെ കുറിപ്പ്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇനിയും കഥയറിയാത്തവർക്കായി..

ഫോട്ടോയിൽ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ. 2014 കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിൽ സ്വർണ മെഡലിസ്റ്റാണ്. 2016ലെ അർജ്ജുനയും 2020ലെ ഖേൽരത്ന പുരസ്ക്കാരവും നൽകി രാജ്യം ആദരിച്ചവർ, അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി. ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാ ഫോഗാട്ടിന്റേയും ബബിത കുമാരി ഫോഗാട്ടിന്റയും കസിൻ സിസ്റ്റർ. ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരം.

സാക്ഷി മാലിക്ക്

2014 കോമൺവെൽത്തിൽ ഗുസ്തിയിൽ വെള്ളി മെഡൽ, 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതോടെ ഗുസ്തിയിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിതാ താരം. 2016ൽ ഖേൽരത്നയും 2017ൽ പദ്മശ്രീ പുരസ്ക്കാരവും നേടിയ താരം.

ബജ്രംഗ് പുനിയ

അർജുന, പത്മശ്രീ, ഖേൽരത്ന അവാർഡുകൾ നൽകി രാജ്യം ആദരിച്ച 2020 ഒളിംപിക്സ് മെഡൽ ജേതാവും ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഗുസ്തി താരം.

ബ്രിജ് ഭൂഷൺ ശരൺ സിംഗ്-

ആറ് തവണ പാർലമെന്റ് അംഗം, പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും ഒന്നും ഒരു പുത്തരിയല്ലാത്ത രാഷ്ട്രീയ പ്രബലൻ. റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്

2023 ജനുവരിയിൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, അൻഷു മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ ഗുസ്തി താരങ്ങൾ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ (പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പടെ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിക്കുകയും 7 താരങ്ങൾ ഡൽഹി പൊലീസിൽ പരാതി നൽകുകയുണ്ടായി. യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടർന്ന് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു.

ഇന്നലെ- നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ, ഒട്ടനവധി കരുത്തരായ മത്സരാർത്ഥികളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഫെഡറേഷൻ പിരിച്ച് വിടുക, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ പ്രതിഷേധം തുടരുകയാണ്. മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ്.


TAGS :

Next Story