മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നടി ശ്വേതാ തിവാരിക്കെതിരെ കേസ്
'ഷോ സ്‌റ്റോപ്പർ' എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു നടിയുടെ വിവാദ പരാമർശം
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ടെലിവിഷൻ നടി ശ്വേതാ തിവാരിക്കെതിരെ ഭോപ്പാൽ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ ദൈവത്തെക്കുറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
പരാമർശത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഉത്തരവിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ശ്വേതയ്ക്ക് പുറമെ രോഹിത് റോയ്, ദിഗംഗന സൂര്യവൻഷി, സൗരഭ് രാജ് ജെയ്ൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ഷോ സ്‌റ്റോപ്പർ' എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു വിവാദ പരാമർശം.
ഭോപ്പാലിലാണ് പ്രമോഷൻ പരിപാടി നടന്നത്. ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ശ്വേത ദൈവത്തെക്കുറിച്ച് പരാമർശിച്ചത്. ദൈവമാണ് തന്റെ ബ്രായുടെ അളവെടുക്കുന്നതെന്നായിരുന്നു നടി പറഞ്ഞത്. ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'മഹാഭാരത'ത്തിൽ ഭഗവാൻ കൃഷ്ണന്റെ വേഷം ചെയ്ത സൗരഭ് ജെയിൻ ഷോ സ്‌റ്റോപ്പറിൽ 'ബ്രാ ഫിറ്ററാ'യാണ് വരുന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ശ്വേതയുടെ പരാമർശം.
പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ തോതിൽ വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ ഇടപെടലിൽ പൊലീസ് കേസെടുക്കുന്നത്. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് നടപടിയെന്നാണ് പൊലീസ് അറിയിച്ചത്. ഐപിസി 295(എ) പ്രകാരം മനഃപൂർവം മതവികാരം വ്രണപ്പെടുകയും മതവിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കുറ്റത്തിനാണ് കേസ്.
Summary: Bhopal police registered a case against television actor Shweta Tiwari for allegedly hurting religious sentiments through her remark on God
Adjust Story Font
16