Quantcast

പഠനകേന്ദ്രങ്ങൾ, രാത്രികാല ക്ലാസുകൾ ; ജൂലൈ 15 ന് 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കുന്നു

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലായി 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു അധികൃതർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-14 15:23:11.0

Published:

14 July 2023 3:14 PM GMT

actor vijay
X

നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചാ വിഷയം. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മദിനവാർഷികമായ ജൂലൈ 15 മുതൽ തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലായി 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു അധികൃതർ അറിയിച്ചു. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിലുള്ള കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വിദ്യാഭ്യാസ സഹായ വിതരണം നടത്തുകയും ചെയ്യുമെന്നാണ് വിജയ് മക്കള്‍ ഇയക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ആരാധകസംഘടനാ ചുമതലക്കാരുമായി വിജയ് നടത്തിയ ചർച്ച വ്യാഴാഴ്ച്ചയും തുടർന്നു. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതാണ് പ്രധാന ചർച്ചാവിഷയം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾക്കിടയിലായിരുന്നു യോഗം നടന്നത്.

ഒരു മണ്ഡലത്തിൽ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് വിജയ്‌യുടെ നിർദേശം. ട്യൂഷൻ നൽകാൻ യോഗ്യരായവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. കടലൂരിൽ ഇതിനകം ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.

വിജയ് 2024ൽ രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്നും 2026ൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. 'രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കും' എന്ന് വിജയ് പറഞ്ഞതായി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം വിജയ് മക്കള്‍ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്. പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു. പരിപാടി വലിയ വിജയമായതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇടവേളക്ക് ശേഷം വീണ്ടും ഉയര്‍ന്നു വന്നത്.

TAGS :

Next Story