നിഷ്‌കളങ്ക കഥാപാത്രങ്ങൾ മാത്രമല്ല, ബോൾഡായ റോളുകളും ചെയ്യാനിഷ്ടം: അനന്യ
"മലയാളത്തിൽ അടുത്ത വീട്ടിലെ കുട്ടി എന്നൊരു ഇമേജുണ്ട്."
മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും നടി അനന്യ. നല്ല സിനിമകളുടെ ഭാഗമായാലെ പ്രേക്ഷക മനസ്സിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ എന്നും അവർ പറഞ്ഞു. മീഡിയവൺ ബ്രേക്ക് ഫാസ്റ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു അനന്യ.
പുതിയ ചിത്രമായ ഭ്രമത്തിന്റെ വിശേഷങ്ങളും നടി പങ്കുവച്ചു. 'മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭ്രമത്തിലെത്തുന്നത്. സിനിമ പ്രേക്ഷകർ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്. കുറേ പേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. നല്ല അഭിപ്രായം കിട്ടുക എന്നത് ഭാഗ്യമാണ്. മലയാളത്തിൽ നല്ല ടീമിന്റെ കൂടെ വരണമെന്നായിരുന്നു ആഗ്രഹം. അതിനാണ് കാത്തുനിന്നത്. ചില തിരക്കഥകൾ കേട്ടിരുന്നു. എന്നാൽ തൃപ്തമായില്ല'- അവർ പറഞ്ഞു.
'ഇതരഭാഷകളിലെ റോളുകളിൽ ഞാൻ സംതൃപ്തയാണ്. അവിടെ നമുക്ക് സ്‌പേസുള്ള കഥാപാത്രങ്ങളാണ് കിട്ടുന്നത്. വർഷത്തിൽ ഒരിക്കലാണ് അന്യഭാഷാ ചിത്രം ചെയ്യുന്നത്. മലയാളത്തിൽ തന്നെ സിനിമകൾ ചെയ്യാനാണ് ഇഷ്ടം. മലയാളത്തിൽ അടുത്ത വീട്ടിലെ കുട്ടി എന്നൊരു ഇമേജുണ്ട്. എന്നാൽ ബോൾഡായ, സ്‌പേസും സ്റ്റാൻഡുമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്' - നടി കൂട്ടിച്ചേർത്തു.
Adjust Story Font
16