നടന് ലഭിക്കുന്ന ബഹുമാനമോ മതിപ്പോ ഒന്നും നടിക്ക് കിട്ടാറില്ല: ഗൗരി കിഷന്‍
'മാര്‍ക്കറ്റ് വാല്യു എനിക്ക് അറിയില്ല. തുല്യ വേതനം നമ്മള്‍ ചെയ്യുന്ന ജോലിക്കാണ്. എന്തുകൊണ്ട് വിവേചനമെന്ന് എനിക്ക് മനസ്സിലാവുന്നില്ല'
Gouri G Kishan
കൊച്ചി: സിനിമാ മേഖല സെക്സിസ്റ്റാണെന്ന് നടി ഗൗരി ജി കിഷന്‍. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്. അത് സ്ത്രീയായതുകൊണ്ടാണ്. തന്‍റെ പ്രായം കാരണം പല മുതിര്‍ന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമേ ഇല്ലാത്ത പോലെ തോന്നിയിട്ടുണ്ടെന്നും നടി ഗൗരി ജി കിഷന്‍ മീഡിയവണിനോട് പറഞ്ഞു.
"എഴുത്തില്‍ എനിക്ക് താത്പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രാഥമികമായി നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്‍റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോള്‍ നല്ല നടിയാണ്, കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു. സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ സംവിധായികയാവുക എന്നത് 100 ശതമാനം ദുര്‍ഘടമായിരിക്കുമെന്ന് എനിക്ക് അറിയാം. അതിലേക്കുള്ള യാത്രയില്‍ എന്നെത്തന്നെ ഞാന്‍ പരുവപ്പെടുത്തണം. കുറേക്കൂടി പഠിക്കാനുണ്ട്"- ഗൗരി കിഷന്‍ പറഞ്ഞു.
നടിമാര്‍ക്ക് നടന്മാരേക്കാള്‍ കുറഞ്ഞ വേതനം നല്‍കുന്നതിനെയും ഗൗരി വിമര്‍ശിച്ചു- "പുരുഷാധിപത്യം സിനിമയില്‍ മാത്രമല്ല വീടുകളിലും ശക്തമാണ്. മാറ്റമുണ്ടാകുന്നില്ല എന്നല്ല. പക്ഷെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. മാര്‍ക്കറ്റ് വാല്യു എനിക്ക് അറിയില്ല. തുല്യ വേതനം നമ്മള്‍ ചെയ്യുന്ന ജോലിക്കാണ്. എന്തുകൊണ്ട് ഈ വിവേചനമെന്ന് എനിക്ക് മനസ്സിലാവുന്നില്ല"- ഗൗരി ജി കിഷന്‍ പറഞ്ഞു.
ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നുണ്ടെന്ന് ഗൗരി പ്രതികരിച്ചു- "തിരിച്ചുവരവ് എന്ന വാക്ക് തന്നെ വളരെ പ്രോബ്ലമാറ്റിക്കാണ്. പെണ്ണുങ്ങള്‍ക്ക് മാത്രമാണല്ലോ തിരിച്ചുവരവ്. കല്യാണം ഒരു ചോയ്സാണ്. കരീന കപൂര്‍, ആലിയ ഭട്ടൊക്കെ കല്യാണത്തോടെ ബ്രേക്ക് എടുത്തിട്ടില്ല. നമ്മളും കുറേക്കൂടി തുറന്ന മനസ്സുള്ളവരാവണം".
Adjust Story Font
16