Quantcast

'എല്ലാം കണ്ട് മടുപ്പും ദേഷ്യവും വിഷാദവുമാണ്; വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം'-വിമർശനവുമായി നടി കൽകി കേക്ല

ജറൂസലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘമായ 'ബെറ്റ്‌സെലെം' പുറത്തുവിട്ട വിവരങ്ങൾ പങ്കുവച്ചാണ് ഫ്രഞ്ച് നടി കൽകി കോക്ലിൻ വടക്കൻ ഗസ്സയിലെ ഗുരുതരാവസ്ഥയിലേക്കു കണ്ണുതുറക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-10-28 05:02:52.0

Published:

28 Oct 2024 5:01 AM GMT

The Israeli’s latest move to empty Northern Gaza is nothing less than ethnic cleansing: Says actress Kalki Koechlin, brutalities in Northern Gaza, Jabalia genocide, Israel attack on Gaza
X

മുംബൈ: വടക്കൻ ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ കൂട്ടക്കുരുതിയിൽ ആശങ്ക രേഖപ്പെടുത്തി ഫ്രഞ്ച് നടിയും ബോളിവുഡ് താരവുമായ കൽകി കേക്ല. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് നടി പറഞ്ഞു. ഇവിടെ നടക്കുന്ന ഭീകരത അവസാനിപ്പിക്കാൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ ഞെട്ടിപ്പിക്കുന്ന ഇസ്രായേൽ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കൽകിയുടെ പ്രതികരണം.

വടക്കൻ ഗസ്സയെ ശൂന്യമാക്കാനുള്ള ഇസ്രായേലിന്റെ പുതിയ നീക്കം വംശീയ ഉന്മൂലനം മാത്രമാണെന്ന് നടി പറഞ്ഞു. ഭാവി ഫലസ്തീൻ-ഇസ്രായേൽ തലമുറകൾക്ക് മരണമല്ലാതെ മറ്റൊന്നും ഈ സർക്കാർ വാഗ്ദാനം ചെയ്യുന്നില്ല. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കൂ.. ഒപ്പം സോഷ്യൽ മീഡിയയ്ക്കു പുറത്തും ഇതേക്കുറിച്ചെല്ലാം ഗവേഷണം നടത്തിനോക്കൂ. യഥാർഥ ലോകത്ത് ഈ ഭീകരത അവസാനിപ്പിക്കാൻ വേണ്ടി മേഖലയിൽ പ്രവർത്തിക്കുന്നത് ആരാണെന്നു കണ്ടെത്തി അവരെ പിന്തുണയ്ക്കണമെന്നും അവർ ഇൻസ്റ്റഗ്രാം കുറിപ്പിൽ ആവശ്യപ്പെട്ടു.

''ഒരു വർഷമായി അവിടെ നടന്നുകൊണ്ടിരിക്കുന്നതിനൊന്നും ഒരു മാറ്റവുമില്ല. ആ സമയത്ത് ഇവിടെ നടക്കുന്ന വാശിയേറിയ രാഷ്ട്രീയ വാഗ്വാദങ്ങൾ കണ്ട് മനംമടുത്തും ദേഷ്യപ്പെട്ടും വിഷാദത്തിലാണ്ടും ഇരിക്കുകയാണു ഞാൻ. മനുഷ്യരാണു സംഘടിതമായ പീഡനത്തിനും അപമാനത്തിനും ഇരയാകുന്നതും തകർന്നിരിക്കുന്നതും. പട്ടിണിക്കിട്ട്, അഗ്നിക്കും പട്ടിണിക്കും കൊലയ്ക്കും ഇരയാകുന്നത്. ഈ വിർച്വൽ ലോകത്തുനിന്ന് ഇറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെടുക്കുകയും അതിൽ ഉറച്ചുനിൽക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യൂ.. അതിനു നിങ്ങളുടെ കരുത്തും പിന്തുണയും സ്ഥൈര്യവും സമർപ്പിക്കൂ..''-കൽകി കേക്ല കുറിച്ചു.

നിരവധി ബോളിവുഡ് ചിത്രങ്ങളിലും വെബ് സീരീസുകളിലും പ്രധാന വേഷങ്ങളിലെത്തിയ താരമാണ് കൽകി. സോയ അക്തർ ചിത്രം 'സിന്ദഗി ന മിലേഗി ദൊബാറ'യിലൂടെയാണു ശ്രദ്ധ നേടുന്നത്. അനുരാഗ് കശ്യപിന്റെ 2010ൽ പുറത്തിറങ്ങിയ ത്രില്ലർ 'ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്', ഷോണാലി ബോസ് സംവിധാനം ചെയ്ത 'മാർഗരിറ്റ വിത് എ സ്‌ട്രോ', പൂഷൻ കൃപലാനിയുടെ 'ഗോൾഡ് ഫിഷ്', 2013ൽ പുറത്തിറങ്ങിയ 'ഏക് തി ദായാൻ' തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ മുഖ്യറോളിലെത്തി. യേ ജവാനി യേ ദീവാനി, ദേവ് ഡോട്ട് ഡി, ഖോ ഗയേ ഹം കഹാൻ, ഗല്ലി ബോയ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

അധിനിവിഷ്ട പ്രദേശങ്ങളിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ജറൂസലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ ആയ 'ദി ഇസ്രായേലി സെന്റർ ഫോർ ഹ്യുമൻ റൈറ്റ്‌സ് ഇൻ ദി ഒപ്പുക്കൈഡ് ടെറിട്ടറീസ്'(ബെറ്റ്‌സെലെം) പുറത്തുവിട്ട വിവരങ്ങൾ പങ്കുവച്ചാണ് നടി വടക്കൻ ഗസ്സയിലെ ഗുരുതസ്ഥിതിയിലേക്ക് ശ്രദ്ധക്ഷണിക്കുന്നത്. വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളുടെ തോത് വിവരിക്കാനാകുന്നതിനും അപ്പുറത്താണെന്ന് 'ബെറ്റ്‌സെലെം' ചൂണ്ടിക്കാട്ടുന്നു. അവിടെയുള്ള ആയിരങ്ങളെ പട്ടിണിക്കിടുകയും ആരോഗ്യസേവനങ്ങൾ നിഷേധിക്കുകയും നിരന്തരം ബോംബിട്ട് ആക്രമിക്കുകയും ചെയ്യുന്നതിനു പുറമെ പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്.

ഇവിടെ ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം 50,000ത്തിലേറെ പേർ ഭവനരഹിതരായെന്ന് 'ബെറ്റ്‌സെലെം' റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ആശുപത്രികളും അപകടഭീഷണിയിലാണ്. അഭയാർഥി ക്യാംപുകളായി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേർ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. തെരുവിലെങ്ങും മൃതദേഹങ്ങളാണ്. എങ്ങും പട്ടിണിയാണ്. കുടിവെള്ളം കിട്ടാനില്ല. ഒരു മുന്നറിയിപ്പുമില്ലാതെ വീടുകൾക്കു മുകളിൽ ബോംബ് വർഷിക്കുന്നു, സിവിലിയന്മാർ കൊല്ലപ്പെടുന്നു. എന്നാൽ, ആക്രമണം ആരംഭിച്ച് ഒരു വർഷമായിട്ടും ഗസ്സ മുനമ്പിലെ സിവിലിയന്മാർക്കെതിരെ നടക്കുന്ന ആക്രമണം തടയാൻ ഒരു ഇടപെടലും നടത്താത്തെ നിഷ്‌ക്രിയമായി നിൽക്കുകയാണ് അന്താരാഷ്ട്ര സമൂഹം. അതിഗുരുതരമായ കുറ്റകൃത്യങ്ങളിലൂടെ വടക്കൻ ഗസ്സക്കാരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെയുള്ള അഭയാർഥി ക്യാംപുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളെ കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നു. ജബാലിയയിലെ അഭയാർഥി ക്യാംപിൽ പ്രവർത്തിക്കുന്ന ഇന്തോനേഷ്യൻ ആശുപത്രിയും മേഖലയിലെ തന്നെ കമാൽ അദ്‌വാൻ ആശുപത്രിയും വളഞ്ഞ് ബോംബിട്ടിരിക്കുകയാണ് ഇസ്രായേൽ. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഫലസ്തീൻ പുരുഷന്മാരെ ഒഴിഞ്ഞ സ്ഥലത്ത് നഗ്നരാക്കി നിർത്തി ജീവനോടെ കുഴിച്ചുമൂടുകയും വെടിവച്ചു കൊല്ലുകയും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ചെറിയ കുട്ടികളെ അമ്മമാരിൽനിന്ന് തട്ടിപ്പറിക്കുകയും ടാങ്കറുകൾക്കു മുന്നിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളെ പ്രദേശത്തുനിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്നതായി മാധ്യമപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

Summary: 'The Israeli’s latest move to empty Northern Gaza is nothing less than ethnic cleansing': Says actress Kalki Koechlin

TAGS :

Next Story