'അയാള്‍ അത്തരക്കാരനാണെന്ന് അറിയാമെങ്കില്‍ എന്തിന് വീണ്ടും പോയി?' വിജയ് ബാബു കേസില്‍ മല്ലിക സുകുമാരന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് മല്ലിക സുകുമാരന്‍
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതക്കെതിരെ നടി മല്ലിക സുകുമാരന്‍. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്ത് പോകുന്നതെന്നാണ് മല്ലികയുടെ ചോദ്യം. കൗമുദി മൂവീസിനു നല്കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
"മാധ്യമങ്ങളിലൂടെ വായിച്ചുള്ള അറിവാണ്. എന്നോട് നേരിട്ട് ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒപ്പം നില്ക്കുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് ആദ്യം ഇക്കാര്യം ചോദിക്കണം. രണ്ടു മൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോള്‍ പിന്നെ എന്തിന് അവിടെ പോയി? അയാള്‍ അത്തരക്കാരനാണെന്ന് അറിയാമെങ്കില്‍ എന്തിന് അവിടെ പോയി? അതിന് വ്യക്തമായ ഒരു ഉത്തരം പറയട്ടെ. 19 പ്രാവശ്യമെന്നോ 16 പ്രാവശ്യമെന്നോ എന്തോ ഞാന്‍ കേട്ടു. അച്ഛനോടോ ആങ്ങളമാരോടോ ബന്ധുക്കളോടോ പൊലീസിനോടോ പറയാമായിരുന്നു. അങ്ങനെ എന്തൊക്കെ വഴികളുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ 19 പ്രാവശ്യം എന്ന് പറയുകയാണ്. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തക്കതായ കാരണം വേണം"- മല്ലിക സുകുമാരന്‍ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. "ഞാന്‍ വ്യക്തമായിട്ട് അതിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഒരാളാണ്. ജോലിക്ക് പോയിട്ട് വരുമ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട് അതിക്രമം നേരിട്ടതാണ്. ആ തെറ്റ് സംഭവിച്ചതാണെന്ന് എല്ലാവര്ക്കും അറിയാം"- മല്ലിക സുകുമാരന്‍ പറഞ്ഞു.
വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയായ നടി നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ രാജ്യം വിട്ട വിജയ് ബാബുവിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിജയ് ബാബു യു.എ.ഇയിൽ എവിടെയുണ്ടെന്ന് പൊലീസിന് വ്യക്തതയില്ല. വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Adjust Story Font
16