ജീവിതം മാറ്റിമറിച്ച തലവേദന, 9 വര്‍ഷത്തെ പോരാട്ടം.. സ്ക്രീനില്‍ തിരിച്ചെത്താനുള്ള ആഗ്രഹം ബാക്കിയാക്കി ശരണ്യ യാത്രയായി
അര്‍ബുദവും ചികിത്സയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം വലച്ചപ്പോഴും ശരണ്യ അവസാന നിമിഷം വരെ ആത്മവിശ്വാസവും പുഞ്ചിരിയും മായാതെ കാത്തു
9 വര്‍ഷം, തലയില്‍ 9 ശസ്ത്രക്രിയകള്‍.. 2012 മുതല്‍ അര്‍ബുദത്തോട് പൊരുതിയ ശരണ്യ ഒടുവില്‍ ഈ ലോകത്തോട് വിടപറഞ്ഞു. രോഗത്തിന് മുന്‍പില്‍ തോല്‍ക്കാതെ ഓരോ തവണയും ജീവിതത്തിലേക്ക് തിരികെയെത്തിയ ശരണ്യ, കാന്‍സറിനോട് എങ്ങനെ പൊരുതണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്താണ് യാത്രയായത്. അര്‍ബുദവും ചികിത്സയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം വലച്ചപ്പോഴും ശരണ്യ അവസാന നിമിഷം വരെ ആത്മവിശ്വാസവും പുഞ്ചിരിയും മായാതെ കാത്തു.
മിനി സ്ക്രീനിലും സിനിമയിലും സജീവമായിരിക്കുമ്പോഴാണ് തലവേദന ശരണ്യയുടെ ജീവിതം മാറ്റിമറിച്ചത്. മൈഗ്രെയിന്‍ ആണെന്നാണ് ആദ്യം കരുതിയത്. ചികിത്സ തേടുകയും ചെയ്തു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശരണ്യയ്ക്ക് തലച്ചോറില്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് തുടര്‍ച്ചയായ ശസ്ത്രക്രിയകളും കീമോ തെറാപ്പിയും. രോഗത്തെ അതിജീവിച്ച് ഓരോ തവണയും ചിരിക്കുന്ന മുഖവുമായി സമാന രോഗികള്‍ക്ക് ആത്മവിശ്വാസമേകി ശരണ്യ നമ്മുടെ മുന്‍പിലെത്തി. പക്ഷേ അതിജീവിച്ചെന്ന് കരുതിയ രോഗം ഇടയ്ക്കിടെ ഗുരുതരമായി. പിന്നീട് പ്രതിസന്ധി നിറഞ്ഞ നാളുകളായിരുന്നു. ജോലിക്ക് പോവാന്‍ കഴിയാതായതോടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്തവിധം ശരണ്യയും അമ്മയും സാമ്പത്തിക പ്രതിസന്ധിയിലായി. നടി സീമ ജി നായരാണ് അവസാനം വരെ കൂടെയുണ്ടായിരുന്നത്. ശരണ്യയുടെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിയതും സീമ ജി നായരുടെ നേതൃത്വത്തില്‍ തന്നെ. വാടക വീട്ടില്‍ താമസിച്ചിരുന്ന ശരണ്യയ്ക്കും അമ്മയ്ക്കുമായി സ്നേഹസീമ എന്ന വീട് നിര്‍മിച്ചത് സിനിമാ, സീരിയല്‍ രംഗത്തുള്ളവരും സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മകളും ചേര്‍ന്നാണ്.
രോഗത്തെ തോല്‍പ്പിച്ച് അഭിനയരംഗത്ത് തിരിച്ചെത്താന്‍ ശരണ്യ ഏറെ ആഗ്രഹിച്ചിരുന്നു. അതിനിടെ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങി. വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. യു ട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കൂടിയായിരുന്നു ശരണ്യയുടെ ശ്രമം. തന്‍റെ യു ട്യൂബ് വരുമാനത്തില്‍ നിന്ന് 10,000 രൂപ ശരണ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനിടെ മെയ് മാസത്തില്‍ കോവിഡ് ബാധിച്ച് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ഭേദമായെങ്കിലും ന്യൂമോണിയ മാറിയില്ല. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ. സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സീരിയലുകളില്‍ വേഷമിട്ടു. മിനി സ്ക്രീനില്‍ നായികയായും വില്ലത്തിയായും എത്തി. ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
Adjust Story Font
16